കുട്ടിത്തം അതിരുകടക്കുമ്പോൾ

Editorial
കുട്ടിത്തം അതിരുകടക്കുമ്പോൾ – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

വേഗമേറിയ ജീവിത മാറ്റങ്ങളുടെ കഥപറയുമ്പോൾ നാം നമ്മുടെ കുട്ടികളിൽ വരുന്ന മാറ്റങ്ങളും സൂക്ഷ്‌മമായി പരിശോധിക്കാൻ മടികാണിക്കരുത്. വർദ്ധിച്ചു വരുന്ന, കുട്ടികളിലെ അക്രമവാസനയും പ്രതികാര ബുദ്ധിയും കുട്ടികളുടെ മാത്രം തെറ്റായി കാണാതെ, അവരുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതിന്റെ തെളിവായി കാണാൻ നാം മുതിർന്ന സമൂഹം തയ്യാറാവണം.

കുട്ടികളിൽ വരുന്ന ഇത്തരം മാറ്റങ്ങൾ എന്തുകൊണ്ടെന്ന് ഒന്ന് പരിശോധിക്കാം. ഇത്തരം ആലോചനകളും ചർച്ചകളും വിദ്യാഭ്യാസ വകുപ്പും, നാട്ടുക്കൂട്ടവും, കുടുംബസഭകളിലും നടക്കേണ്ടതിൻറെ അനിവാര്യത നാം ഓരോരുത്തരും മനസ്സിലാക്കണം. ദിവസങ്ങൾക്ക് മുൻപ് നമ്മുടെ സാക്ഷര കേരളം കേട്ടുണർന്നതും ഇത്തരത്തിൽ കുട്ടികളുടെ അതിരു കടന്ന അക്രമ സ്വഭാവത്തിൻറെ ദാരുണമായ ഒരു വാർത്തയോടെയായിരുന്നു. പത്തനംതിട്ട ജില്ലയിൽ കൊടുമണിൽ പത്താംക്‌ളാസ്സിൽ പഠിക്കുന്ന കുട്ടികൾ സഹപാഠിയെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം മൃതദേഹം മറവു ചെയ്യുന്നതിന് മുൻപായി തല വെട്ടിമാറ്റാനും ആ കൈകൾ ശ്രമം നടത്തിയിരിക്കുന്നു.

ഈ ഒരു കൃത്യം എന്തുകൊണ്ട് നടന്നു എന്ന് നമ്മുടെ പോലീസ് സംവിധാനങ്ങൾ മാത്രം ആലോചിച്ചാൽ പോരാ, അവർ പഠിച്ചിരുന്ന സ്കൂൾ ചിന്തിക്കണം,അവർ സഞ്ചരിച്ചിരുന്ന സമൂഹം ചിന്തിക്കണം, അവരുടെ വീടുകളിലെ കെട്ടുറപ്പില്ലായ്മയും, ശിഥിലമായ അന്തരീക്ഷവും ഇതിനൊരു ഘടകമായി നിന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. കാരണം ഈ കൃത്യം കുട്ടികളുടെ കളികൾക്കിടെ അബദ്ധത്തിൽ പറ്റിയ ഒരു അപകടമല്ല, മറിച്ച് ഒരു കുറ്റവാളിയുടെ എല്ലാ ലക്ഷണങ്ങളോടെയും നടന്ന ഒരു കുറ്റകൃത്യമായി പ്രബുദ്ധ സമൂഹം ഇതിനെ തിരിച്ചറിയേണ്ടതുണ്ട്.

വർദ്ധിച്ചു വരുന്ന മൊബൈൽ അഡിക്ഷനും,സമൂഹ മാധ്യമ ജ്വരവും, പറമ്പിലും പാടത്തുമുള്ള കളികൾ മറന്ന് മൊബൈൽ ഫോണിലും കംപ്യൂട്ടറിലും ഇന്റർനെറ്റിലൂടെ കൂട്ടായി നടത്തുന്ന ഗ്രൂപ്പ് ഗെയിമിങ്ങും, ഡെയ്റ്റിംഗും, മയക്കു മരുന്ന് വിൽപ്പന നടത്തുന്ന ഏട്ടൻമാരുമൊത്തുള്ള കൂട്ടുകെട്ടുകളും നമ്മുടെ കുട്ടികളിൽ വർദ്ധിച്ചു വരുന്ന വസ്തുത കണ്ടില്ലെന്നു നടിക്കാം; പക്ഷെ ഇതുകൊണ്ടുണ്ടാകുന്ന അപകടങ്ങൾ യാഥാർഥ്യമാണെന്നു നാം ദുരന്തങ്ങളിലൂടെ തിരിച്ചറിയാൻ കാത്തുനിൽക്കുന്നത് സമൂഹത്തിനു തന്നെ അപകടകരമായ സ്ഥിതിയാണ്.

കുട്ടികളുടെ മാനസിക വളർച്ച ശരിയായി കാണാതെ, അവർ വീട്ടിൽ വന്നു “ഇന്ന് വിശപ്പില്ല, ഭക്ഷണം പുറത്തുനിന്നു കഴിച്ചെന്നു” പറയുമ്പോൾ, “എവിടെ നിന്ന് കഴിച്ചു?” എന്ന് ചോദിക്കാൻ മിനക്കിടാത്ത എത്രയോ മാതാപിതാക്കൾ നമ്മുടെ കൂട്ടത്തിലുണ്ട് എന്ന് സ്വയം പരിശോധിക്കുക. ഒരു കവറോ, പൊതിയോ അവരുടെ കൈവശമോ, വസ്ത്രത്തിൽനിന്നോ കണ്ടെടുത്താൽ അതെന്തെന്നു ചോദിച്ചാൽ മോൻറെ സ്വകാര്യതയിൽ കൈ കടത്തേണ്ട എന്ന് ചിന്തിക്കുന്ന സ്വതന്ത്ര ചിന്തക രക്ഷിതാക്കളും കുറവല്ല. പക്ഷേ ഒന്നോർക്കണം , കുട്ടികളെ നമ്മൾ അവരുടെ കണ്ണുകൾകൊണ്ട് കാണാൻ ശ്രമിക്കണം. അവരെക്കാൾ പ്രായമേറിയ കൂട്ടുകാർ അവർക്കൊപ്പമുണ്ടെങ്കിൽ അവർ ആര്, എവിടെ താമസിക്കുന്നു, എന്ത് ജോലി എന്നെല്ലാം വീട്ടുകാർ അന്വേഷിച്ചറിയണം.

കുട്ടികൾ വളരെ ചെറുതിലെ മൊബൈൽ ഫോണിന് അടിമകളാകുന്ന സ്ഥിതി മാറ്റിയെടുക്കാൻ വീടുകളുടെ ചിന്താഗതിയിൽ മാറ്റം കൊണ്ടുവന്നാൽ മതിയാകും. മക്കൾ എവിടെയുണ്ടെന്ന് അറിയാൻ പണ്ട് മാതാപിതാക്കൾക്ക് മനസ്സിൽ വിളിച്ചാൽ അറിയാമായിരുന്നു, അവർ വീടുകളിൽ വൈകിയെത്തിയാൽ അത് ഇനി ആവർത്തിക്കാതെ നോക്കാം എന്ന സ്വയ ചിന്തയും അന്നത്തെ കുട്ടികളിൽ ഉണ്ടായിരുന്നു. എന്നാൽ ആ കുട്ടികളിൽ പലരും വളർന്നു മാതാപിതാക്കളായപ്പോൾ കുട്ടികളുടെ സുരക്ഷയ്ക്കെന്ന പേരിൽ അവർക്ക് കൊടുക്കുന്ന മൊബൈൽ ഫോൺ പലപ്പോഴും ഇത്തരം കഥകളിലെ വില്ലൻമാരാകുന്നു.

കുട്ടികൾ എല്ലാം പഠിക്കും , നല്ലതും, ചീത്തയും എല്ലാം. അവർ പഠിക്കുന്നതെന്തെന്നു അറിയാത്ത ദൂരത്തേക്ക് സമൂഹം മാറിനിന്നാൽ ഈ കൈവിട്ട കളികൾ അവർ തുടരും എന്നത് ഉറപ്പാണ്; കണ്ടില്ലെന്നു നടിക്കരുത്, നാളത്തെ ഭാവിയാണ് വളർന്നു വരുന്നത്, കരുതണം, അവരെ ചേർത്ത് നിർത്തി ശാസിക്കേണ്ടിടത്ത് ശാസിക്കുകയും, തലോടേണ്ട സന്ദർഭത്തിൽ തലോടിയും, കുട്ടികളെ കുട്ടികളായി തന്നെ വളർത്തണം.

Leave a Reply

Your email address will not be published. Required fields are marked *