സൗദി: വ്യാപാര കേന്ദ്രങ്ങൾക്കും, ഷോപ്പിംഗ് മാളുകൾക്കും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി

GCC News

സൗദിയിലെ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ മെയ് 13 വരെ രണ്ടാഴ്ചത്തേക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള വ്യാപാര കേന്ദ്രങ്ങൾക്കും, ഷോപ്പിംഗ് മാളുകൾക്കും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി.

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങളിൽ ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ ഭാഗികമായി ഇളവുകൾ അനുവദിച്ച് കൊണ്ട് സൗദി രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മൊത്തവ്യാപാര സ്ഥാപനങ്ങൾ, ചില്ലറ വില്പന ശാലകൾ, മാളുകൾ ഉൾപ്പടെയുള്ള വിപണന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. എന്നാൽ കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് മാത്രമേ ഇവയ്ക്ക് പ്രവർത്തിക്കാനാകൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ വാണിജ്യ സ്ഥാപനങ്ങൾക്ക് അധികൃതർ നൽകി കഴിഞ്ഞു.

ഈ നിർദ്ദേശങ്ങൾ പ്രകാരം സമൂഹ അകലം പാലിച്ച് കൊണ്ട് മാത്രമേ ഉപഭോക്താക്കൾക്ക് ഇത്തരം കേന്ദ്രങ്ങളിൽ സേവനങ്ങൾക്കായി പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. വാണിജ്യ കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തിൽ തന്നെ ആരോഗ്യ പരിശോധനാ സംവിധാനങ്ങളും, അണുനശീകരണ ഉപകരണങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ ആരോഗ്യ പരിശോധന നടത്തിയ ശേഷം പനി മുതലായ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിർദ്ദേശമുണ്ട്.

ഉപഭോക്താക്കൾക്കായി മാസ്കുകൾ, കയ്യുറകൾ മുതലായവ നിർബന്ധമായും കരുതുന്നതിനും വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേഷന് വേണ്ടി തയ്യാറാക്കിയ മുറിയിലേക്ക് മാറ്റിയ ശേഷം ആരോഗ്യ രംഗത്തെ അധികൃതരെ ഉടനെ അറിയിക്കേണ്ടതാണ്. 15 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മാളുകൾ ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. മാളുകളിലെ സിനിമ ശാലകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, മറ്റു വിനോദ കേന്ദ്രങ്ങൾ, പ്രാർത്ഥനാ മുറികൾ മുതലായവ തുറക്കാൻ അനുമതി നൽകിയിട്ടില്ല.

മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയിൽ 24 മണിക്കൂറിടവിട്ട് അണുനശീകരണ പ്രവർത്തനങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. കറൻസി നോട്ടുകൾ ഉപയോഗിച്ച് കൊണ്ടുള്ള ഇടപാടുകൾക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകളിലൂടെ മാത്രമേ വാണിജ്യ സേവനങ്ങൾ അനുവദിക്കുകയുള്ളു. ഇത്തരം കേന്ദ്രങ്ങളിൽ കോണിപ്പടികൾ, എസ്കലേറ്ററുകൾ എന്നിവ ഇല്ലെങ്കിൽ മാത്രമേ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകുകയുള്ളൂ. ലിഫ്റ്റുകളിൽ ഒരേ സമയം രണ്ടിൽ കൂടുതൽ പേർക്ക് അനുമതിയുണ്ടായിരിക്കുകയില്ല.

ഉപഭോക്താക്കൾക്കും വാണിജ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും മാസ്കുകൾ മുഴുവൻ സമയവും നിർബന്ധമാണ്. ഉപഭോക്താക്കൾ ഇത്തരം ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല വാണിജ്യ കേന്ദ്രങ്ങൾക്കാണെന്നും, ഇതിനായി സുരക്ഷാ പരിശോധനകൾക്ക് ആവശ്യമായ അളവിൽ ജീവനക്കാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ വ്യക്തമാക്കുന്നു. മാളുകളിലെയും മറ്റു വ്യാപാര കേന്ദ്രങ്ങളിലേയും ഉപഭോക്താക്കൾക്കുള്ള ഇരിപ്പിടങ്ങൾ, ബെഞ്ചുകൾ മുതലായവ ഒഴിവാക്കാനും നിർദ്ദേശമുണ്ട്.