സംസ്ഥാനത്ത് 13 പേർക്ക് കൂടി കോവിഡ്-19

Kerala News

കേരളത്തിൽ തിങ്കളാഴ്ച്ച 13 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയത്ത് ആറും ഇടുക്കിയിൽ നാലും പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒന്നു വീതവും പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർ തമിഴ്‌നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്നുള്ളതാണ്. ഒരാൾക്ക് രോഗം ബാധിച്ചതെങ്ങനെതെന്ന് വ്യക്തമായിട്ടില്ല.

സംസ്ഥാനത്ത് കോട്ടയം, ഇടുക്കി ജില്ലകളെയും റെഡ് സോണിൽ ഉൾപ്പെടുത്തി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ നേരത്തെ തന്നെ റെഡ് സോണിലാണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളിലും മാറ്റമുണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടൻമേട്, ഇരട്ടയാർ, കോട്ടയത്തെ ഐമനം, വെള്ളൂർ, അയർക്കുന്നം, തലയോലപ്പറമ്പ് എന്നിവിടങ്ങളെയും ഹോട്ട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തി.

തിങ്കളാഴ്ച 13 പേർ രോഗമുക്തരായി. കണ്ണൂരിൽ ആറും കോഴിക്കോട് നാലും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ ഒന്നു വീതവും പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 123 പേരാണ് ചികിത്‌സയിലുള്ളത്. 20,301 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 19,812 പേർ വീടുകളിലും 489 പേർ ആശുപത്രികളിലുമാണ്.

തിങ്കളാഴ്ച 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23271 സാമ്പിളുകൾ പരിശോധിച്ചതിൽ 22537 സാമ്പിളുകൾ നെഗറ്റീവാണ്. ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹ്യ സമ്പർക്കത്തിൽ കൂടുതലായി ഏർപ്പെടുന്നവർ എന്നിവരുടെ 875 സാമ്പിളുകൾ പരിശോധിച്ചതിൽ റിസൽട്ട് ലഭിച്ച 611 എണ്ണവും നെഗറ്റീവാണ്. കോവിഡ് പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം മാത്രം 3056 സാമ്പിളുകൾ അയച്ചു. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ കോവിഡ് ബാധിതരാരുമില്ല. കേരളത്തിൽ ഇപ്പോൾ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *