ഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ തുറന്ന് പ്രവർത്തിക്കുന്നതിന് എക്സിക്യൂട്ടീവ് കൗൺസിൽ അനുമതി നൽകി. നിലവിലെ അണുനശീകരണ പ്രവർത്തനങ്ങളിൽ നൽകിയ ഇളവുകൾ കണക്കിലെടുത്താണ് ഈ തീരുമാനം.
ഇതിന്റെ ഭാഗമായി എമിറേറ്റിലെ വാണിജ്യ കേന്ദ്രങ്ങൾ, ചില്ലറ വില്പന ശാലകൾ, ചന്തകൾ മുതലായവ അവയുടെ പരമാവധി ഉൾകൊള്ളാവുന്നതിന്റെ 30 ശതമാനത്തിൽ താഴെ മാത്രം ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. സമൂഹ അകലം പാലിച്ച് കൊണ്ടും, ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കി കൊണ്ടും മാത്രമേ ഇത്തരം സ്ഥാപനങ്ങൾ പ്രവത്തിക്കാവൂ എന്നും, അല്ലാത്ത പക്ഷം പിഴ ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തുറന്ന് പ്രവർത്തിക്കുന്ന വാണിജ്യ കേന്ദ്രങ്ങളിൽ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാണ്. കയ്യുറകൾ നിർബന്ധമല്ലെങ്കിലും, കഴിയുന്നതും ഉപയോഗിക്കാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്കായി സാനിറ്റൈസറുകൾ ഉൾപ്പടെയുള്ള അണുനശീകരണ സംവിധാനങ്ങൾ ഒരുക്കാനും നിർദ്ദേശമുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനായുള്ള ഇരിപ്പിടങ്ങൾ ഒഴിവാക്കാനും, പ്രാർത്ഥനാ മുറികൾ പോലുള്ള സംവിധാനങ്ങൾ അടച്ചിടാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. തുറന്ന് പ്രവർത്തിക്കുന്ന വാണിജ്യ കേന്ദ്രങ്ങളിൽ 30 ശതമാനം ജീവനക്കാരെ വരെ അനുവദിക്കുന്നതാണ്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും, ആളുകൾ തമ്മിൽ 2 മീറ്റർ എങ്കിലും അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ഭക്ഷണ വിഭവങ്ങളുടെ കേന്ദ്രങ്ങളിൽ ഉൾകൊള്ളാവുന്നതിന്റെ 30 ശതമാനത്തിൽ താഴെ മാത്രം ഉപഭോക്താക്കൾക്കേ ഒരേ സമയം അനുമതി നൽകു. 4 പേരിൽ കൂടുതൽ കൂട്ടമായി ഇരിക്കാൻ അനുമതി നൽകില്ല. മേശകൾ തമ്മിൽ ചുരുങ്ങിയത് 2.5 മീറ്റർ എങ്കിലും അകലം പാലിക്കണം. ശീഷ നിരോധനം തുടരും.
സിനിമ ശാലകൾ, മ്യൂസിയം, മറ്റ് വിനോദ കേന്ദ്രങ്ങൾ, ബീച്ചുകൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി നൽകില്ല എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.