ദമ്മാമിലെ 2nd ഇൻഡസ്ട്രിയൽ സിറ്റിയിൽ മെയ് 3, ഞായറാഴ്ച്ച മുതൽ 24 മണിക്കൂർ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ലോക്ക്ഡൌൺ ഏർപെടുത്തിയിട്ടുള്ളത്. ഇതോടെ ഞായറാഴ്ച്ച മുതൽ ഈ മേഖലയിലേക്കും തിരികെയുമുള്ള യാത്രകൾ അനുവദിക്കുന്നതല്ല.
സൗദിയിലെ COVID-19 വ്യാപനം തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഈ മേഖലയെ പൂർണമായും ഐസൊലേറ്റ് ചെയ്തത്. ചരക്ക് ഗതാഗതം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
2nd ഇൻഡസ്ട്രിയൽ സിറ്റിയിലെ അടിയന്തിര പ്രാധാന്യമുള്ള വ്യവസായശാലകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുവാദം നൽകും. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ മേഖലയിലേക്ക് പ്രവേശിക്കാൻ പ്രത്യേക അനുമതി നൽകുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇവർക്ക് തിരികെ പോകാൻ ലോക്ക്ഡൌൺ കാലയളവിൽ അനുവാദം ഉണ്ടായിരിക്കില്ല.
ദമ്മാമിനകത്തുള്ള അൽ അഥീർ ഡിസ്ട്രിക്ടിൽ പൊതുജനങ്ങൾക്ക് പകൽ സമയം 9 മുതൽ 5 വരെ അത്യാവശ്യ കാര്യങ്ങൾക്ക് സഞ്ചരിക്കാൻ അനുമതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നഗരത്തിനു പുറത്തേക്ക് പോകുന്നതിനു അനുവാദമുണ്ടായിരിക്കില്ല. ഈ മേഖലകളിലെല്ലാം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമേ ജനങ്ങൾക്ക് പൊതു ഇടങ്ങളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ എന്നും അധികൃതർ ഓർമിപ്പിച്ചു.