COVID-19 പശ്ചാത്തലത്തിൽ, ദുബായ് എക്സ്പോ 2020 അടുത്ത വർഷത്തേക്ക് നീട്ടി വെക്കാനുള്ള യു എ ഇയുടെ അഭ്യർത്ഥനയ്ക്ക്, ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (Bureau International des Expositions – BIE) അംഗീകാരം നൽകി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് BIE അംഗരാജ്യങ്ങൾ ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്.
പുതുക്കിയ തീയതികൾ പ്രകാരം, പശ്ചിമേഷ്യന്‍ മേഖലയിൽ നടക്കുന്ന ആദ്യത്തെ വേൾഡ് എക്സ്പോ ആയ ദുബായ് എക്സ്പോ, 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് നടത്തുക.
നിലവിലെ സാഹചര്യത്തിൽ, വിർച്യുൽ സംവിധാനങ്ങളിലൂടെയുള്ള വോട്ടിംഗിലൂടെയാണ് അംഗരാജ്യങ്ങൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. എക്സ്പോ നീട്ടിവെക്കുന്നതിനുള്ള യു എ ഇയുടെ അഭ്യർത്ഥന പരിഗണിച്ച് കൊണ്ടുള്ള അംഗരാജ്യങ്ങളുടെ വോട്ടിംഗ് പ്രക്രിയ ഏപ്രിൽ 24 മുതൽ നടന്നുവരികയാണ്. മെയ് 29 വരെ ഇതിനു സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, എക്സ്പോയുടെ സമയക്രമം മാറ്റുന്നതിനുള്ള അംഗീകാരം ലഭിക്കാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇതിനോടകം തന്നെ നേടിക്കഴിഞ്ഞതായി BIE ഇന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി.
BIE അംഗരാജ്യങ്ങളുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എക്സ്പോ 2020 ദുബായ് ഹൈയർ കമ്മിറ്റി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം അറിയിച്ചു. മഹാമാരിക്ക് ശേഷമുള്ള ലോകം വിഭാവന ചെയ്യുന്നതിൽ മുഖ്യ പങ്ക് വഹിക്കാൻ പോകുന്ന ദുബായ് എക്സ്പോയ്ക്ക് വേണ്ടി പിന്തുണ നൽകിയ അംഗരാജ്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.