വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ മെയ് 7, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ ഉള്ളവരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ മെയ് 7 മുതൽ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്നും, ഇതിനായുള്ള മാർഗരേഖകൾ തയ്യാറാക്കിയെന്നും അല്പം മുൻപ് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അധികൃതർ വ്യക്തമാക്കി.
യാത്രകൾക്കായി പ്രത്യേക വിമാനസർവീസുകളും നാവികസേനയുടെ കപ്പലുകളും പ്രയോജനപ്പെടുത്തുമെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
നിലവിൽ ഓരോ രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ അടിയന്തിരമായി മടങ്ങേണ്ടവരുടെ പട്ടിക തയ്യാറാക്കിവരികയാണ്. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സംവിധാനങ്ങൾ സൗജന്യമാകില്ലെന്ന് പത്രക്കുറിപ്പിൽ പറയുന്നുണ്ട്. ഇതിനായി പ്രത്യേക വിമാനങ്ങൾ ഉപയോഗിക്കും.
നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് അതാത് രാജ്യങ്ങളിൽ ആരോഗ്യ പരിശോധനകൾ ഉണ്ടായിരിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ യാത്രാനുമതി നൽകുകയുള്ളൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയവും, കേന്ദ്ര വ്യോമയാന മന്ത്രാലയവും നിഷ്കർഷിക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും മടക്കയാത്ര. ഇവ കർശനമായും പാലിച്ച് കൊണ്ട് മാത്രമേ യാത്രകൾ അനുവദിക്കുകയുള്ളൂ എന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നാട്ടിൽ തിരിച്ചെത്തുമ്പോൾ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു സ്മാർട്ട് ആപ്പ് രജിസ്ട്രേഷൻ നിർബന്ധമായിരിക്കും. നാട്ടിൽ എത്തിയ ശേഷം മടങ്ങി വരുന്നവരെ ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കുകയും, ആശുപത്രികളിലോ, മറ്റ് കേന്ദ്രങ്ങളിലോ 14 ദിവസം ക്വാറന്റീൻ ചെയ്യുകയും ചെയ്യുന്നതാണ്. ഇതിനുള്ള ചുമതലകൾ ഓരോ സംസ്ഥാനത്തെയും സർക്കാർ നിർവഹിക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. 14 ദിവസങ്ങൾക്ക് ശേഷം COVID-19 പരിശോധനകൾ നടത്തുമെന്നും അതിനനുസരിച്ചുള്ള നടപടികൾക്ക് വിധേയരാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പങ്കുവെക്കുന്നതാണ്. നിലവിൽ ഏതൊക്കെ രാജ്യങ്ങളിൽ നിന്ന്, എന്ന് മുതലാണ് യാത്രകൾ ആരംഭിക്കുക എന്നത് സംബന്ധിച്ച സ്ഥിരീകരണങ്ങൾ കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. മടങ്ങി വരുന്നവരുടെ പരിശോധനകൾക്കും, ക്വാറന്റീൻ നടപടികൾക്കും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.