നമ്മുടെ വേഗതയേറിയ ജീവിത ശൈലിയിൽ ഒട്ടേറെ മാറ്റങ്ങൾ കടന്നുകൂടിയ ഒരു സമയം കൂടിയാണ് ഈ COVID-19 കാലഘട്ടം. മുൻപെല്ലാം നാം മോറൽ സയൻസ് ക്ലാസ്സുകളിൽ പഠിച്ചു കൊണ്ടിരുന്ന വ്യക്തി ശുചിത്വ പാഠങ്ങളും, കാലക്രമേണ ജീവിത യാത്രയിൽ മറന്നുപോയിരുന്ന പല ശുചിത്വ ശീലങ്ങളും നാം പൊടിതട്ടിയെടുത്തിരിക്കുന്നു. കൈ കഴുകാനും, പുറത്തു പോയിവന്നു കഴിഞ്ഞാൽ മേൽകഴുകാനും, ഭക്ഷണ ശേഷം പാത്രങ്ങൾ വൃത്തിയായി കഴുകാനും, ലാഭക്കൊതിയന്മാർ വിഷം തെളിച്ചുണ്ടാക്കിയ പച്ചക്കറികൾ യഥാക്രമം വൃത്തിയാക്കാനും നാം ശീലിച്ചിരിക്കുന്നു.
മുൻപെല്ലാം അധ്യാപകരും, മാതാപിതാക്കളും തന്നിരുന്ന ഉപദേശങ്ങളെ വിസ്മരിച്ചിരുന്ന നാം ഒരു സൂക്ഷ്മാണു കാരണം വീണ്ടും അച്ചടക്കമുള്ള നല്ല കുട്ടികളായിരിക്കുന്നു. ഈ നല്ല ശീലങ്ങൾകൊണ്ട് ജീവിത ശൈലിയിൽ വന്ന മാറ്റം, ഇനി നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിലും തുടരേണ്ട ഒന്നാണെന്ന് പറയാതെ തരമില്ല. മാത്രമല്ല, രണ്ടുപേരൊന്നിച്ച് യാത്ര ചെയ്യുമ്പോൾ അടുത്തിരിക്കുന്ന ആൾ ഒന്ന് തുമ്മിയാലോ, ചുമച്ചാലോ അത് നമ്മളിലുണ്ടാക്കുന്ന മാനസിക വൈഷമ്യം മുൻപുണ്ടായിരുന്നതിലും വളരെ കൂടുതലായിരിക്കും എന്നത് മനസ്സിന് സംഭവിക്കുന്ന മാറ്റങ്ങളുടെ തെളിവായി കണക്കാക്കാം.
ക്ലിനിക്കുകളിലും, ആശുപത്രികളിലും മാത്രമായി കണ്ടുവന്നിരുന്ന സാനിറ്റൈസർ, ഇന്ന് നമ്മുടെ സാധാരണ ജീവിതത്തോട് വളരെ ചേർന്ന് നിൽക്കുന്നു. നഗ്നനേത്രങ്ങളാൽ കാണാത്ത അണുവിനെ, നാം കയ്യിൽ ഇല്ലെന്നുറപ്പിക്കാൻ, ഇടയ്ക്കിടയ്ക്ക് കൈകൾ ശുചിയാക്കാൻ ആരംഭിച്ചതോടെ, ഹാൻഡ് വാഷും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. രോഗവ്യാപനത്തിൻറെ മുഖ്യ കാരണങ്ങളിൽ ഒന്നായ ഉമിനീർ, തുമ്മുമ്പോളും, ചുമയ്ക്കുമ്പോളും തെറിച്ച് മറ്റൊരാളിലേക്കുള്ള രോഗപകർച്ച തടയുന്നതിനായി മാസ്‌ക്കുകൾ ഉപയോഗിക്കാനും, സ്പർശിക്കുന്ന പ്രതലങ്ങളിൽ നിന്നും അണുക്കളും ഈർപ്പവും നമ്മുടെ കൈകളിൽ പടരാതിരിക്കാനായി കയ്യുറകളും നമ്മൾ ശീലമാക്കി. എന്നാൽ സ്വന്തം ശരീരത്തെ വൃത്തിയാക്കുന്ന നാം പലപ്പോഴും സമൂഹത്തെയും, പ്രകൃതിയെയും ഇനിയും ബഹുമാനിക്കാൻ ശീലിച്ചിട്ടില്ലെന്നത് കഷ്ടമാണ്.
ഉപയോഗം കഴിഞ്ഞ മാസ്‌ക്കുകളും, കയ്യുറകളും സാനിറ്ററി മാലിന്യങ്ങളാണെന്നു ഓർക്കണം .രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ നാം ഉപയോഗിച്ച മാസ്കും, കയ്യുറകളും മറ്റു PPE ഉപകരണങ്ങളും വളരെ ശ്രദ്ധിച്ചു നിർമാർജ്ജനം ചെയ്യേണ്ടവയാണ്. നമ്മുടെ കയ്യും മുഖവും ശുചിയാക്കിയ പാഴ്‍ത്തുണി അലക്ഷ്യമായി വലിച്ചെറിഞ്ഞ് പ്രകൃതിയെ വീണ്ടും മലിനപ്പെടുത്തരുത്. മലിനമാകുന്നതിനോടൊപ്പം രോഗത്തിന്റെ വ്യാപനത്തിനും ഈ പ്രവർത്തി ഇടയാക്കുമെന്ന് ഓർക്കുക.
നല്ലശീലങ്ങൾ, ശുചിത്വമുള്ള മനസ്സുകൾ, തിളക്കമാർന്ന ഭാവി തലമുറ ഇതെല്ലാമായിരിക്കട്ടെ നമുക്ക് മുന്നിൽ വരാനിരിക്കുന്നത്. ഉത്തരവാദിത്തത്തിൽ നിന്നും കൈകഴുകാതെ, പ്രതിസന്ധികളിൽ നിന്നും പാഠമുൾക്കൊണ്ട് തെളിച്ചമുള്ള മനസ്സോടെ മുന്നോട്ട് നീങ്ങാം, വെല്ലുവിളികൾ മറികടക്കാം.