രാജ്യത്ത് COVID-19 രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ, അഞ്ച് പേരിൽ കൂടുതൽ ഒത്ത്കൂടുന്നതിന് സൗദി വിലക്കേർപ്പെടുത്തി. COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പൊതുഇടങ്ങളിലും മറ്റും ആളുകൾ ഒത്തുചേരുന്നതിനു വിലക്ക് ഏർപ്പെടുത്തിയത്.
ഒരേ കുടുംബാംഗങ്ങളോ, ഒരേ വീട്ടിൽ താമസിക്കുന്നവരോ അല്ലാത്ത, അഞ്ചോ അതിലധികം പേരോ ഒത്തുചേരുന്ന എല്ലാ പരിപാടികളും നിയമലംഘനമായി കണക്കാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിയമപരമല്ലാത്ത ഒത്ത് ചേരലുകളിൽ പങ്കെടുക്കുന്നവർക്ക് ഏറ്റവും ചുരുങ്ങിയത് 5000 സൗദി റിയാൽ പിഴ ചുമത്തുന്നതാണ്. പൊതു ഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പമല്ലാതെ പിടിക്കപ്പെടുന്നവർക്ക് 15000 റിയാൽ വരെയാണ് പിഴ.
മരണം, വിവാഹം, ആഘോഷങ്ങൾ എന്നിവയ്ക്കായി ഒത്തുചേരുന്നവർക്ക് 30000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ താമസ സ്ഥലങ്ങളിലല്ലാതെ മറ്റു വീടുകളിലോ, തൊഴിലിടങ്ങളിലോ ഒത്തുചേരുന്ന തൊഴിലാളികൾക്ക് 50000 റിയാൽ വരെ പിഴ ലഭിക്കാം.
അനുവദനീയമായതിൽ കൂടുതൽ ഉപഭോക്താക്കളോ, ജീവനക്കാരോ ഒത്തുകൂടുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് 5000 മുതൽ 1 ലക്ഷം സൗദി റിയാൽ വരെയാണ് പിഴ ചുമത്തുക. ഒന്നിൽ കൂടുതൽ തവണ നിയമലംഘനങ്ങൾക്ക് പിടിക്കപെടുന്നവരിൽ നിന്ന് ഇരട്ടി തുക പിഴ ഇടാക്കുന്നതാണ്. ഇത്തരത്തിൽ വീണ്ടും വീണ്ടും നിയമലംഘനം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ 3 മാസം മുതൽ 6 മാസം വരെ അടച്ചിടേണ്ടിവരുമെന്നും, പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.