മുസഫയിലെ COVID-19 വ്യാപനം തടയുന്നതിനായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന്റെ (DOH) മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന വ്യാപകമായ അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും മെയ് 9, ശനിയാഴ്ച്ച രാത്രി മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ, നാലു ബ്ലോക്കുകളിലായാണ്, ഈ ശുചീകരണ നടപടികളും കൊറോണ വൈറസ് പരിശോധനകളും നടപ്പിലാക്കുക.
മെയ് 9, ശനിയാഴ്ച്ച മുസഫയിലെ 3, 5, 6, 23 (മൂന്ന്, അഞ്ച്, ആറ്, ഇരുപത്തിമൂന്ന്) എന്നീ ബ്ലോക്കുകളിൽ നിന്നാണ് ഈ നടപടികൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ ബ്ലോക്കുകളിലെ എല്ലാ വിദേശ തൊഴിലാളികൾക്കും സൗജന്യമായി COVID-19 ടെസ്റ്റിംഗ് നടത്തുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ രോഗനിവാരണ പദ്ധതി, ഓരോ ബ്ലോക്കുകളിലെയും തൊഴിലാളികളുടെ പരിശോധനകളും, മേഖലയുടെ ശുചീകരണവും പൂർത്തിയാകുന്നത് വരെ തുടരും. അതിനു ശേഷമായിരിക്കും അടുത്ത ഘട്ടത്തിലെ ബ്ലോക്കുകളിലേക്ക് ഈ പ്രവർത്തനം വ്യാപിപ്പിക്കുക എന്നും അധികൃതർ വ്യക്തമാക്കി. ഓരോ ബ്ലോക്കുകളിലെയും നിവാസികളെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി സൗജന്യ വാഹന സൗകര്യങ്ങൾ അധികൃതർ ഒരുക്കുന്നതാണ്.
അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഈ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതാത് മേഖലകളിലെ കാമ്പയിൻ അഡ്മിനിസ്ട്രേറ്റർമാർ നൽകുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പൂർണ്ണമായും അധികൃതരുമായി സഹകരിക്കേണ്ടത്, ഈ മഹാമാരിയെ പിടിച്ചു നിർത്താനുള്ള ഓരോ നടപടികളുടെയും വിജയത്തിന്, അനിവാര്യമാണെന്നത് ഓർക്കുക.