COVID-19 വിവരങ്ങൾക്കായി സൗദി ആരോഗ്യ മന്ത്രാലയം വാട്സ്ആപ് സേവനമാരംഭിച്ചു

GCC News

COVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്കുമായി സൗദി ആരോഗ്യ മന്ത്രാലയം വാട്സ്ആപ് സേവനമാരംഭിച്ചു. ഇന്ററാക്റ്റീവ് ചാറ്റ് രൂപത്തിലാണ് വാട്സ്ആപ്പിലൂടെ സേവനങ്ങൾ ലഭ്യമാക്കുക.

ഇതിനായി 920005937 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശങ്ങൾ അയക്കാവുന്നതാണ്.

നിലവിൽ കൊറോണാ വൈറസ് സംബന്ധമായ വിവരങ്ങൾ, വാർത്തകൾ, പ്രാഥമിക ആരോഗ്യ സേവന കേന്ദ്രങ്ങളുടെ വിവരങ്ങൾ, ആരോഗ്യ സംബന്ധമായ സംശയനിവാരണം, സുരക്ഷാ നിർദ്ദേശങ്ങൾ മുതലായവയാണ് ഈ സേവനത്തിലൂടെ ലഭ്യമാക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ 937 എന്ന കോൺടാക്ട് സെന്ററിന്റെ ഭാഗമായാണ് ഈ സേവനം ഒരുക്കുന്നത്.

ഈ കേന്ദ്രത്തിൽ നിന്ന്, 937 എന്ന ഹെല്പ് ലൈൻ മുഖേനയും, @saudimoh937 എന്ന ട്വിറ്റർ ഹാൻഡിൽ വഴിയും, 937@moh.gov.sa എന്ന ഇമെയിൽ വിലാസത്തിലൂടെയും, ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ചാറ്റ് സർവീസിലൂടെയും പൊതുജനങ്ങൾക്ക് ഇരുപത്തിനാല് മണിക്കൂറും ആരോഗ്യ സേവനങ്ങൾ നൽകിവരുന്നുണ്ട്. ഇതിനായി ഡോക്ടർമാരുൾപ്പടെ 1000-ത്തോളം ജീവനക്കാരുടെ സേവനങ്ങളാണ് കോൺടാക്ട് സെന്റർ ഉപയോഗിക്കുന്നത്.