COVID-19 വ്യാപനം തടയുന്നതിനായി കുവൈറ്റിൽ ഇരുപത് ദിവസത്തേക്ക് നടപ്പിലാക്കുന്ന സമ്പൂർണ്ണ കർഫ്യു മെയ് 10, ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതൽ ആരംഭിക്കും. മെയ് 30 വരെയാണ് കർഫ്യു നടപ്പിലാക്കുന്നത്.
കർഫ്യു നടപ്പിലാക്കുന്ന കാലാവധിയിൽ, പ്രത്യേക അനുവാദം നൽകിയിട്ടുള്ള സ്ഥാപനങ്ങൾ ഒഴികെ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ മേഖലയിലെ അടിയന്തിര സ്വഭാവമുള്ള സേവനങ്ങൾ മാത്രമായിരിക്കും പ്രവർത്തിക്കുക.
മെയ് 10 മുതൽ മെയ് 30 വരെ ഭക്ഷണ കേന്ദ്രങ്ങൾ, ഫർമാസികൾ, കോ-ഓപ്പറേറ്റീവ് സ്റ്റോറുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ഹോം ഡെലിവറി സംവിധാനങ്ങൾക്ക് മാത്രമായിരിക്കും പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. ഭക്ഷണ വസ്തുക്കൾക്കും, മറ്റ് അവശ്യ സേവനങ്ങൾക്കുമായി കോ-ഓപ്പറേറ്റീവ് സ്റ്റോറുകൾ, ഭക്ഷണ വില്പനശാലകൾ, ഗ്യാസ് സിലിണ്ടർ വിതരണ കേന്ദ്രങ്ങൾ എന്നിവയ്ക്ക്, കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി, പ്രവർത്തനാനുമതി നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കർഫ്യു നടപ്പിലാക്കുന്ന ദിവസങ്ങളിൽ കുവൈറ്റ് നിവാസികൾക്കും, പൗരന്മാർക്കും ദിനവും 2 മണിക്കൂർ കാൽനടയായി സഞ്ചരിക്കുന്നതിനു അനുമതി ഉണ്ടായിരിക്കും. ദിനവും വൈകീട്ട് 4.30 മുതൽ 6.30 വരെ അവരവരുടെ താമസയിടങ്ങളുടെ ചുറ്റുമുള്ള മേഖലയിൽ കാൽനടയായി സഞ്ചരിക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. കാറുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതല്ലാ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കാലയളവിൽ കുവൈറ്റിൽ അച്ചടി മാധ്യമങ്ങളുടെ അച്ചടി, വിതരണം, വില്പന എന്നിവ ഉണ്ടാകില്ല. ഓൺലൈൻ മാധ്യമങ്ങൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി. മാധ്യമങ്ങളുമായി നേരിട്ടുള്ള മുഖാമുഖ സംഭാഷണങ്ങൾക്കും വിലക്കുകൾ ഏർപെടുത്തിയിട്ടുണ്ട്. ഇവയ്ക്കും ഓൺലൈൻ സംവിധാനം ഉപയോഗിക്കേണ്ടതാണ്.
കുവൈറ്റിലെ ഓരോ ഗവർണറേറ്റുകളിലും കർഫ്യു നടപടികൾ പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനും പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും സർക്കാർ വ്യക്തമാക്കി.