കാരുണ്യത്തിൻറെ കാവൽമാലാഖമാർ

Editorial
കാരുണ്യത്തിൻറെ കാവൽമാലാഖമാർ – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഇന്ന് മെയ് 12, ഇന്റർനാഷണൽ നഴ്സസ് ഡേ. കാരുണ്യത്തിന്റെ തൂവെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ മാലാഖമാർക്കായുള്ളൊരു രാജ്യാന്തര ദിനം. ആധുനിക നഴ്സിംഗ് സംവിധാനങ്ങളിൽ കാരുണ്യത്തിന്റെയും, അർപ്പണബോധത്തിന്റെയും കണ്ണികൾ കൂടി ചേർത്തിണക്കിയ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12-നാണ് വർഷംതോറും ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ്, രാജ്യാന്തര നഴ്സസ് ദിനമായി ആചരിച്ച് പോരുന്നത്.

Nurses: A Voice to Lead – Nursing the World to Health“, എന്നതാണ് ഈ വർഷത്തെ ആശയമായി ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ലോക ജനതയ്ക്ക് മുന്നിൽ വയ്ക്കുന്നത്. ലോകത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കാനുള്ള ശബ്ദമായി നഴ്സിംഗ് വിഭാഗം മാറേണ്ടതിൻറെ ആവശ്യകത വിളിച്ചോതുന്ന ഈ വലിയ ആശയം ലോകാരോഗ്യ സംഘടനയും ശരിവയ്ക്കുന്നു. ഇന്ന് ലോകം മുഴുവൻ മഹാമാരിയുടെ ഭീതിയിൽ നിൽക്കുമ്പോളും, രാവും പകലും വിശ്രമമില്ലാതെ രോഗികളെ പരിചരിക്കുന്നതിൽ മുൻപന്തിയിൽ നിലകൊള്ളുന്ന ഇവരെ മാലാഖമാരെന്നല്ലാതെ എന്ത് വിളിക്കാനാകും.

നഴ്സിംഗ് മേഖലയ്ക്ക് ഇത്രയേറെ ആർദ്രത കൈവരാനുള്ള ഒരു ചരിത്രം പറയാം. 1854-ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് റഷ്യക്കെതിരെ നടന്ന ക്രിമിയൻ യുദ്ധത്തോടനുബന്ധിച്ച്, അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിൻറെ നിർദ്ദേശ പ്രകാരം യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാൻ ഫ്ലോറൻസ് നൈറ്റിംഗേലും, അവരിൽ നിന്നും നഴ്സിംഗ് അഭ്യസിച്ച 38 സന്നദ്ധ സേവകരും യുദ്ധമുഖത്തെത്തി. രാത്രികാലങ്ങളിൽ യുദ്ധത്തിൽ മുറിവേറ്റവരുടെ അടുക്കൽ വിളക്കുമായി എത്തി അവരെ പരിചരിച്ചിരുന്ന ഫ്ലോറൻസിനെ “കാരുണ്യത്തിന്റെ വിളക്കേന്തിയ വനിത” എന്നായിരുന്നു സ്നേഹത്തോടെ പട്ടാളക്കാർ അഭിസംബോധന ചെയ്തത്.

ഏതൊരു ഘട്ടത്തിലും കർമ്മ നിരതയായിരുന്നു ഫ്ലോറൻസ്. 1857-ൽ ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് വിപ്ലവങ്ങളും, തീവ്ര സമരങ്ങളും പൊട്ടിപ്പുറപ്പെട്ടപ്പോൾ ബ്രിട്ടീഷ് സർക്കാർ നൈറ്റിംഗേലിനെ ഇന്ത്യയിലേയ്ക്ക് അയച്ചു. അവരുടെ കർമ്മ നിരതമായ സേവനങ്ങൾക്ക് 1907-ൽ ബ്രിട്ടീഷ് സർക്കാർ ഓർഡർ ഓഫ് മെറിറ്റ് നൽകി ആദരിച്ചു. അങ്ങിനെ ഈ ബഹുമതി നേടുന്ന ലോകത്തിലെ ആദ്യ വനിതയായി ഇവർ മാറി. നഴ്സിംഗ് മേഖലയിലേയ്ക്ക് കടന്നു വരുന്ന ഓരോ പുതിയ വ്യക്തിക്കും ഒരു റഫറൻസ് ഗ്രന്ഥം പോലെ അവരുടെ ജീവിത വെളിച്ചം ഇന്നും തിളക്കമാർന്നു നിൽക്കുന്നു.

ഇത്രയെല്ലാം കർമ്മനിരതരായിട്ടും നമ്മുടെ സമൂഹം ഈ കാവൽ മാലാഖമാർക്ക് അർഹമായ അംഗീകാരങ്ങൾ നൽകുന്നുണ്ടോ എന്നത് സമൂഹം തന്നെ സ്വയം വിലയിരുത്തുന്നത് നല്ലതാണ്. പല ഘട്ടങ്ങളിലും തികഞ്ഞ അവഗണനയും, അരക്ഷിതാവസ്ഥയും, പക്ഷപാതപരമായ സമീപനങ്ങളും നേരിടുമ്പോഴും, ഇവർ നന്മയുടെ പ്രകാശം പരത്തുന്നതിനു മുടക്കം വരുത്താത്തത് നാം വേണ്ട വിധത്തിൽ മനസ്സിലാക്കുന്നുണ്ടോ? ആരോഗ്യ രംഗത്തെ ചൂഷണങ്ങളും, സമൂഹത്തിന്റെ കടമകൾ എളുപ്പം മറക്കാനുള്ള പ്രത്യേക കഴിവും തുടർകഥയാകുമ്പോൾ, ഈ കൊറോണ കാലത്തും ഇവർക്ക് നേരിടേണ്ടി വരുന്നത് പ്രകൃതിയിലെ വൈറസിന്റെ ഭീഷണിയോടൊപ്പം, അതിനേക്കാൾ തീവ്രമായ മനുഷ്യ മനസ്സാകുന്ന വൈറസുകളുടെ ആക്രമണം കൂടിയാണെന്നത് സങ്കടകരമാണ്.

അവശതയിൽ കൈത്താങ്ങേകുന്ന ലോകമെമ്പാടുമുള്ള ഭൂമിയിലെ മാലാഖമാരെ ഈ വേളയിൽ ആദരവോടെ അനുസ്മരിക്കുന്നു…

Cover Photo:  The New York Public Library

Leave a Reply

Your email address will not be published. Required fields are marked *