ഖത്തർ: മെയ് 17 മുതൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധം; നിയമലംഘനങ്ങൾക്ക് കനത്ത പിഴ

GCC News

ഖത്തറിൽ മെയ് 17, ഞായറാഴ്ച്ച മുതൽ വീടുകൾക്ക് പുറത്തിറങ്ങുന്നവർക്ക് മാസ്കുകൾ നിർബന്ധമാക്കികൊണ്ട് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലുണ്ടായിട്ടുള്ള COVID-19 രോഗബാധിതരുടെ എണ്ണത്തിലുള്ള വലിയ വർദ്ധനവാണ് മാസ്കുകൾ നിർബന്ധമാക്കാൻ കാബിനറ്റിനെ പ്രേരിപ്പിച്ചത്. മെയ് 14-നു മാത്രം രാജ്യത്ത് 1733 പുതിയ COVID-19 കേസുകളാണ് സ്ഥിരീകരിച്ചത്.

വാഹനത്തിൽ തനിച്ച് യാത്രചെയ്യുന്നവർക്കൊഴികെ, എല്ലാ സാഹചര്യത്തിലും വീടുകൾക്ക് പുറത്ത് ഇറങ്ങുന്നവർക്ക് മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1990-ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം, 2 ലക്ഷം ഖത്തർ റിയാൽ വരെ പിഴയും, 3 വർഷം വരെ തടവും ലഭിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മെയ് 17 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തിലുണ്ടായിരിക്കും.