ചപ്പാത്തി പ്രസ്ഥാനം

Editorial
ചപ്പാത്തി പ്രസ്ഥാനം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഇന്ത്യയിലുടനീളം വളരേ നിഗൂഢമായ ഒരു കാര്യം നടക്കുന്നു, എന്നാലിതിൻറെ അർത്ഥം ആർക്കും മനസ്സിലാകുന്നില്ല; എവിടെനിന്നു തുടങ്ങിയെന്നോ, ആര് തുടക്കം കുറിച്ചെന്നോ അറിയില്ല, ഏതെങ്കിലും മതപരമായ ചടങ്ങുകളോ, അല്ലങ്കിൽ എന്തെങ്കിലും രഹസ്യ സമൂഹവുമായി ബന്ധപ്പെട്ടതോ എന്നറിയില്ല, ഇന്ത്യൻ പത്രങ്ങളിൽ ഇതേക്കുറിച്ച് നിറയെ ഊഹാപോഹങ്ങൾ നിറഞ്ഞിരിക്കുന്നു, ഇതിനെ അവർ ചപ്പാത്തി പ്രസ്ഥാനം എന്ന് വിളിക്കുന്നു.

1857 മാർച്ച് മാസം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ 5th ഔധ് ഇൻഫന്ററിയിൽ സർജനായിരുന്ന ഡോ. ഗിൽബെർട് ഹാഡോ (Dr. Gilbert Bethune Hadow) തന്റെ ബ്രിട്ടനിലുള്ള സഹോദരിയ്ക്ക് എഴുതിയ കത്തിലെ വരികളാണിവ.

ഇന്ത്യൻ ചരിത്രത്തിൽ ഇന്നും തെളിയിക്കാനോ, വിശദീകരിക്കാനോ കഴിയാത്ത “ചപ്പാത്തി മൂവ്മെന്റ്” അഥവാ “ചപ്പാത്തി പ്രസ്ഥാനം” എന്ന രഹസ്യത്തെക്കുറിച്ചാണ് ഇന്നത്തെ ചിന്ത. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ച ശിപ്പായിലഹളയ്ക്ക് ദിവസങ്ങൾ മുൻപ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ലക്ഷകണക്കിന് ചപ്പാത്തികൾ കൈമാറ്റം ചെയ്യപ്പെട്ട സംഭവമാണ് ചപ്പാത്തി പ്രസ്ഥാനം എന്നറിയപ്പെടുന്നത്. ഇന്ത്യക്കാർ ആശയ വിനിമയത്തിനുള്ള ഉപാധിയായാണോ ഈ ചപ്പാത്തി കൈമാറ്റം നടത്തുന്നത് എന്ന് സംശയിച്ച ബ്രിട്ടീഷുകാർ പലവിധേനയും ഈ കൈമാറ്റത്തെ ചെറുക്കാനും, പരിശോധിക്കാനും ശ്രമിച്ചിരുന്നെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. ഇതുവഴി അന്ന് എന്ത് ആശയമാണോ ഇന്ത്യക്കാർ കൈമാറ്റം ചെയ്യുവാൻ ഉദ്ദേശിച്ചിരുന്നത് അത് നിഗൂഢമായി കൈമാറ്റം ചെയ്തുകൊണ്ടേയിരുന്നു.

‘The personal adventures and experiences of a magistrate during the rise, progress, and suppression of the Indian mutiny‘ By Thornhill, Mark, 1884.

അന്നത്തെ മഥുര മജിസ്‌ട്രേറ്റ് ആയിരുന്ന മാർക്ക് തോൺഹിലിന്റെ നേതൃത്വത്തിൽ നടത്തിയ ബ്രിട്ടീഷ് അന്വേഷണങ്ങളിലാണ് ഇത് സംബന്ധമായ ആദ്യ വിവരങ്ങൾ ലഭിക്കുന്നത്. 1884-ൽ പ്രസാധനം ചെയ്ത തോൺഹിലിന്റെ സ്വകാര്യ അനുഭവകുറിപ്പുകളിൽ ഇങ്ങിനെ രേഖപെടുത്തുന്നു:

“ഒരാൾ കാട്ടിൽ നിന്നും ഗ്രാമത്തിലെത്തി അവിടെയുള്ള കാവൽക്കാരന് ഒരു ചപ്പാത്തി നല്‌കുകയും, കുറച്ച് ചപ്പാത്തികളുണ്ടാക്കി അടുത്തുള്ള ഗ്രാമങ്ങളിൽ കൈമാറണം എന്നും പറഞ്ഞു പിരിയുന്നു. കാവൽക്കാരൻ ഈ നിർദ്ദേശമനുസരിച്ച് ചപ്പാത്തികളുണ്ടാക്കി തൻറെ തലപ്പാവിൽ ഒളിപ്പിച്ച് അടുത്തുള്ള ഗ്രാമത്തിൽ കൈമാറുന്നു. ഇങ്ങിനെ നിരവധി ആളുകളുടെ കൈകൾ മറിഞ്ഞു ലക്ഷകണക്കിന് ചപ്പാത്തികൾ ഓരോ ദിവസവും രാത്രി 300-ൽ പരം കിലോമീറ്റർ കൈമാറ്റം ചെയ്യപ്പെടുന്നതായി അറിയാൻ കഴിയുന്നു.”

അസാധാരണമായി നടക്കുന്ന ഈ ചപ്പാത്തി കൈമാറ്റം പോലീസ് സ്റ്റേഷനുകളിലേക്ക് പോലും എത്തിയിരുന്നു എന്നത് ബ്രിട്ടീഷുകാരെ പരിഭ്രാന്തരാക്കിയിരുന്നു എന്ന് അന്നത്തെ “ദി ഫ്രണ്ട് ഓഫ് ഇന്ത്യ” എന്ന വാർത്താ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ആശയ വിനിമയ മാർഗ്ഗമായ ബ്രിട്ടീഷ് മെയിൽ സർവീസിനെക്കാൾ വേഗത്തിലായിരുന്നു ചപ്പാത്തികൾ കൈമാറിയിരുന്നത്.

ചില ചരിത്ര രേഖകളിൽ ഈ പ്രക്രിയയെ വിശദീകരിക്കുന്നത് സ്വാതന്ത്ര്യ സമരത്തിനുള്ള നേരമായി എന്ന് ഇന്ത്യയിലുള്ള ജനങ്ങളെ അറിയിക്കാനുള്ള ഉപാധിയായാണ്. അതല്ല, ഹിന്ദുവായാലും, മുസൽമാനായാലും കഴിക്കുന്ന ഭക്ഷണവും, രക്തത്തിന്റെ നിറവും ഒന്ന് തന്നെയെന്ന് വ്യക്തമാക്കി ഒറ്റകെട്ടായി ബ്രിട്ടീഷുകാർക്കെതിരെ അണി നിരക്കേണ്ടതിന്റെ ആവശ്യകത അറിയിക്കാനുള്ള ഒരു മാർഗ്ഗമായാണ് ഈ ചപ്പാത്തി കൈമാറ്റമെന്നും, ചിലർ അവരവരുടേതായ നിഗമനങ്ങളിൽ എത്തിച്ചേരുന്നു.

എന്തുതന്നെയായാലും, ഇന്ത്യൻ ചരിത്രത്താളുകളിൽ ഇന്നും കൗതുകം ബാക്കിയാക്കി നിലകൊള്ളുന്ന ചപ്പാത്തി പ്രസ്ഥാനം, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായുള്ള തന്ത്രപരമായ മുന്നൊരുക്കമായും, “ഒരുമായാണ് ശക്തി” എന്ന തത്വം പരസ്പ്പരം പങ്കിട്ട് ഇന്ത്യയെ ചേർത്ത് നിർത്താനുള്ള ആശയമായും പൊതുവെ കണക്കാക്കപ്പെടുന്നു.

Cover Photo: “Blowing Mutinous Sepoys From the Guns, September 8th, 1857,” a steel engraving, London Printing and Publishing Co, 1858.

Leave a Reply

Your email address will not be published. Required fields are marked *