യു എ യിലേക്ക് പ്രവേശിക്കുന്നതിന് താത്കാലികമായി വിലക്കേർപ്പെടുത്തിയിരുന്ന റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി യു എ ഇയിൽ കുടുംബാംഗങ്ങൾ ഉള്ള പ്രവാസികൾക്കാണ് ആദ്യം അവസരം നൽകുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
സാധുതയുള്ള റെസിഡൻസി വിസകൾ ഉള്ളവർക്ക് ജൂൺ 1 മുതൽ യു എ യിലേക്ക് തിരികെ മടങ്ങാമെന്ന് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷനും (MoFAIC), ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ICA) സംയുക്തമായി അറിയിച്ചു. COVID-19 പശ്ചാത്തലത്തിൽ പുറം രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ് ഈ തീരുമാനം.
റെസിഡൻസി വിസകൾ ഉള്ള പ്രവാസികൾക്ക് യു എ ഇയിലെ അവരുടെ കുടുംബാംഗങ്ങളുമായി ഒത്തുചേരുന്നതിനു അവസരമൊരുക്കുന്നതിനായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികളെ സുരക്ഷിതരായി യു എ ഇയിൽ തിരികെ കൊണ്ടുവരുന്നതിനുള്ള ആദ്യ ചുവടുവെപ്പാണിത്.
ഇത്തരത്തിൽ യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ smartservices.ica.gov.ae എന്ന വെബ്സൈറ്റിലൂടെ “Resident Entry Permit” രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ICA അറിയിച്ചിട്ടുണ്ട്. നിലവിൽ സാധുതയുള്ള റെസിഡൻസി വിസകൾ ഉള്ള പ്രവാസികൾക്കാണ് ഇത്തരത്തിൽ രജിസ്ട്രേഷൻ ചെയ്യാൻ അവസരം നൽകുന്നത്.