യു എ ഇയിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച്ച

GCC News

റമദാൻ 29, വെള്ളിയാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, റമദാൻ 30 പൂർത്തിയാക്കി, മെയ് 24 ഞായറാഴ്ചയായിരിക്കും യു എ ഇയിൽ ചെറിയ പെരുന്നാൾ. സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്വ്​ർ ഞായറാഴ്ച ആയിരിക്കും. ഒമാനില്‍ ചെറിയ പെരുന്നാള്‍ സംബന്ധിച്ച അറിയിപ്പ് നാളെ ഉണ്ടാകും.

യു എ ഇയിൽ ശവ്വാലിലെ ആദ്യ ദിനം, മെയ് 24 ഞായർ ആയിരിക്കുമെന്ന് മാസപ്പിറവി നിർണയ സമിതിയാണ് ഔദ്യോഗികമായി അറിയിച്ചത്. വെള്ളിയാഴ്ച മഗ്‌രിബ് പ്രാർത്ഥന കഴിഞ്ഞ് നടന്ന വിർച്യുൽ സംവിധാനങ്ങളിലൂടെയുള്ള കൂടിയാലോചനകൾക്കും, അയൽ രാജ്യങ്ങളുമായി മാസപ്പിറവി സംബന്ധമായ അന്വേഷണങ്ങൾക്കും ശേഷമാണ് സമിതി ഈ തീരുമാനം കൈകൊണ്ടത്.

നിലവിലെ COVID-19 സാഹചര്യത്തിൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ പെരുന്നാൾ നമസ്കാരം എല്ലാവരും അവരവരുടെ വീടുകളിൽ നിർവഹിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ജാഗ്രത കൈവിടാതെ, വീടുകളിൽ തന്നെ ഇത്തവണത്തെ പെരുന്നാൾ ആഘോഷിക്കണമെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ജാഗ്രത, ഉത്തരവാദിത്വബോധം എന്നിവ മുറുകെപ്പിടിക്കാനും COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പെരുന്നാൾ വേളയിലും കർശനമായി പാലിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.