സൗദിയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്ന പ്രവാസികൾക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം. സമൂഹ അകലം ഉറപ്പാക്കാനും, വൈറസ് വ്യാപനം തടയാനും ഏർപ്പെടുത്തിയിട്ടുള്ള ഒത്തുചേരലുകളിലെ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത നിയമനടപടികളാണെന്ന് അധികൃതർ ജനങ്ങളെ ഓർമിപ്പിച്ചു.
വിവാഹം, മരണാന്തര ചടങ്ങുകൾ, ആഘോഷങ്ങൾ മുതലായ വിവിധ സമൂഹ ചടങ്ങുകൾക്കായി ഒത്തുകൂടുന്ന പ്രവാസികളെ സൗദിയിൽ നിന്ന് തിരിച്ചയക്കുമെന്നും, ഇത്തരം ലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് സൗദിയിലേക്ക് തിരികെ എത്തുന്നതിനുള്ള റീ-എൻട്രി അനുമതി നൽകില്ലെന്നും ആഭ്യന്തര മന്ത്രാലായം മെയ് 23-നു വ്യക്തമാക്കി.
നിലവിലെ നിയന്ത്രണങ്ങൾ അനുസരിച്ച് സൗദിയിൽ അഞ്ചോ അതിൽ കൂടുതൽ പേരോ ഒത്തുചേരുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘങ്ങൾക്കുള്ള പിഴതുകകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇത്തരം ഒത്തുകൂടലുകൾ സംഘടിപ്പിക്കുന്നവർക്ക് 30000 റിയാൽ പിഴചുമത്തും. ഇത്തരത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുന്നവരിൽ നിന്ന് 5000 റിയാൽ പിഴ ഈടാക്കുന്നതാണ്. രണ്ടാമതും ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ഇരട്ടി പിഴ (ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്ക് 60000 റിയാൽ, പങ്കെടുക്കുന്നവർക്ക് 10000 റിയാൽ) ചുമത്തുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. മൂന്നാമതും ഇത്തരം നിയമ ലംഘനങ്ങൾ തുടരുന്നവർക്ക് ഇരട്ടി പിഴയ്ക്കൊപ്പം പബ്ലിക് പ്രോസിക്യൂഷൻ നടപടികളും നേരിടേണ്ടിവരും.
സ്വകാര്യ മേഖലയിൽ ഇത്തരം നിയമം ലംഘിച്ച് കൊണ്ടുള്ള ഒത്തു ചേരലുകൾ നടത്തുന്ന സ്ഥാപനങ്ങൾ മൂന്ന് മാസം അടച്ചിടേണ്ടി വരുമെന്നും, വീണ്ടും ലംഘനങ്ങൾ തുടർന്നാൽ ആറു മാസം വരെ സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികളെ നാട് കടത്തുമെന്നും, അവർക്ക് സൗദിയിലേക്ക് മടങ്ങിവരാൻ കഴിയില്ലെന്നും മന്ത്രാലയം ഓർമിപ്പിച്ചു. വാണിജ്യ സ്ഥാപനങ്ങളിലും മറ്റും കൂട്ടമായി ഒത്ത്ചേരുന്ന പ്രവാസികൾക്കെതിരെയും ഇതേ ശിക്ഷ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.