കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ്

GCC News

കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർമിപ്പിച്ച് അബുദാബി പോലീസ്. നിലവിലെ സാഹചര്യങ്ങളിൽ, കുട്ടികൾ വിദൂര പഠനപദ്ധതികളുടെ ഭാഗമായി ഓൺലൈനിൽ കൂടുതൽ നേരം വ്യാപൃതരാകുന്നതിനാൽ അവരുടെ ഇന്റർനെറ്റ് ഉപയോഗത്തിലും, സമൂഹ മാധ്യമങ്ങളിലെ പ്രവർത്തനങ്ങളിലും മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്കും, ഡിജിറ്റൽ ബ്ലാക്‌മെയ്‌ലിംഗ് പോലുള്ള ഭീഷണികൾക്കും അവർ ഇരയാകാതിരിക്കാൻ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ രക്ഷിതാക്കളുടെ നിരീക്ഷണം ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിൽ ഇന്റർനെറ്റ് നൽകുന്ന സാധ്യതകൾ വളരെ വലുതാണെങ്കിലും, ഇൻറർനെറ്റിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കളും, കുട്ടികളും ജാഗരൂകരാകേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. ഓൺലൈനിൽ പുലർത്തേണ്ട സ്വകാര്യതയെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിന് മാതാപിതാക്കൾ ശ്രദ്ധചെലുത്തേണ്ടതാണ്. മറ്റുള്ളവർ ദുരുപയോഗം ചെയ്യാനിടയുള്ള സ്വകാര്യ വിവരങ്ങൾ, ചിത്രങ്ങൾ മുതലായവ ഇന്റർനെറ്റിൽ പങ്ക് വെക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കുട്ടികളെ ശീലിപ്പിക്കാനും, അശ്രദ്ധമായി സ്വകാര്യ വിവരങ്ങൾ ഇൻറർനെറ്റിൽ ഉപയോഗിക്കുന്നതിന്റെ അപകടങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ മാതാപിതാക്കളെ ഓർമിപ്പിച്ചു.

സ്വകാര്യ വിവരങ്ങളും, പ്രാധാന്യമുള്ള വിവരങ്ങളും സുരക്ഷിതമല്ലാത്ത ഉപകരണങ്ങളിൽ സൂക്ഷിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്താനും, ഇമെയിൽ, ചാറ്റ് സന്ദേശങ്ങൾ വഴി ലഭിക്കുന്ന പരിചിതമല്ലാത്തതും, സംശയകരവുമായ ലിങ്കുകൾ തുറക്കാതിരിക്കുക, സുരക്ഷാ സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ, ആന്റി വൈറസ് പ്രോഗ്രാമുകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കുക, പാസ്‌വേർഡുകൾ ആരുമായും പങ്ക് വെക്കാതിരിക്കുക മുതലായ സുരക്ഷിതമായ ശീലങ്ങൾ കുട്ടികളിൽ വളർത്താനും രക്ഷിതാക്കളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പോലീസ് സേവനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അമൻ സർവീസ് ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ ഈ സേവനാം ലഭ്യമാണ്. 8002626 (AMAN2626) എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ച്കൊണ്ടോ, 2828 എന്ന നമ്പറിലേക്ക് SMS അയച്ച്കൊണ്ടോ, aman@adpolice.gov.ae എന്ന ഇമെയിൽ വിലാസം ഉപയോഗിച്ചോ ഈ സേവനത്തിലൂടെ വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പൊതുസമൂഹത്തിനു പങ്കുവെക്കാവുന്നതാണ്. അബുദാബി പോലീസിന്റെ സ്മാർട്ട് ആപ്പിലും ഈ സേവനം ലഭ്യമാണ്.