യു എ ഇ: അണുനശീകരണ നിയന്ത്രണങ്ങളുടെ സമയക്രമങ്ങളിൽ മെയ് 30 മുതൽ മാറ്റം

GCC News

യു എ ഇയിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെയും ശുചീകരണ നടപടികളുടെയും സമയക്രമങ്ങളിൽ മെയ് 30, ശനിയാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. നിലവിൽ രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള അണുനശീകരണ പ്രവർത്തനങ്ങൾ മെയ് 30 മുതൽ, രാത്രി 10 മുതൽ രാവിലെ 6 മണി വരെയാക്കി പുനർക്രമീകരിച്ചിട്ടുണ്ട്.

വാണിജ്യ മേഖലകളിലെയും മറ്റും പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും, പൊതുജനങ്ങൾക്ക് കൂടുതൽ സമയം ദൈനംദിന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനായുമാണ് നിയന്ത്രണങ്ങളുടെ സമയം ചുരുക്കുന്നതിനു ആരോഗ്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, NCEMA എന്നീ വകുപ്പുകൾ സംയുക്തമായി തീരുമാനിച്ചത്.

രാത്രി 10 മുതൽ രാവിലെ 6 മണി വരെ ശുചീകരണ പ്രവർത്തനങ്ങൾ ഉണ്ടാകുമെങ്കിലും ഭക്ഷ്യ വിപണന കേന്ദ്രങ്ങൾ, കോ-ഓപ് സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി, ഫാർമസി മുതലായവ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം കേന്ദ്രങ്ങൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന രാത്രി 10 മുതൽ രാവിലെ 6 വരെ ജനങ്ങളോട് വീടുകളിൽ തുടരാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.