അജ്മാനിലെ നിലവിലുള്ള COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി മെയ് 31, ഞായറാഴ്ച്ച മുതൽ കൂടുതൽ വാണിജ്യ മേഖലകൾ തുറന്ന് പ്രവർത്തിക്കാനാരംഭിക്കുമെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു. സിനിമാശാലകൾ, ജിം, കാർ വാഷ് സ്ഥാപനങ്ങൾ, കുട്ടികളുടെ മുടിവെട്ട് കടകൾ, ഹാളുകൾ മുതലായ വാണിജ്യ പ്രവർത്തനങ്ങൾ പരമാവധി ശേഷിയുടെ അൻപത് ശതമാനം ഉപഭോക്താക്കൾക്കായി തുറന്ന് പ്രവർത്തിപ്പിക്കാനുള്ള അനുമതി നൽകിയതായി DED അറിയിച്ചിട്ടുണ്ട്.
മൊത്തവ്യാപാര സ്ഥാപനങ്ങൾക്കും, ചില്ലറ വില്പന ശാലകൾക്കും പരമാവധി ശേഷിയുടെ 70 ശതമാനം ഉപഭോക്താക്കൾക്കായി തുറന്ന് കൊടുക്കാനും അനുവാദം നൽകിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ 70 ശതമാനത്തോളം ജീവനക്കാർക്കും തൊഴിലെടുക്കുന്നതിനു അനുമതി നൽകിയിട്ടുണ്ട്. പൊതു ജനങ്ങൾ കൂട്ടം കൂടുന്നതിനുള്ള ഒരു സാഹചര്യവും ഇത്തരം തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലെല്ലാം COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും നടപ്പിലാക്കണമെന്നും DED വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്കും, ജീവനക്കാർക്കുമായി തെർമൽ സ്കാനിങ്ങ്, സാനിറ്റൈസറുകൾ എന്നിവ ഏർപ്പെടുത്താനും, സമൂഹ അകലം ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
12 വയസ്സിനു താഴെയുള്ളവർക്കും, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും വാണിജ്യ കേന്ദ്രങ്ങളിലെ ക്ലിനിക്കുകൾ, ഹെൽത്ത് സെന്റററുകൾ എന്നിവയിൽ മുൻകൂട്ടി അനുവാദം നേടിയശേഷം പ്രവേശനം അനുവദിക്കുന്നതാണ്. എന്നാൽ സഹായിയായി ഒരാൾ ഇവരെ നിർബന്ധമായും അനുഗമിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.