യു എ ഇയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ COVID-19 പശ്ചാത്തലത്തിൽ നടപ്പിലാക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ, ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഈ മേഖലയിലെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പടിപടിയായി ഇളവുകൾ അനുവദിക്കുന്ന സാഹചര്യം കണക്കിലെടുത്താണ്, ഹോട്ടലുകളിലെ അതിഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള വിവിധ നിർദ്ദേശങ്ങൾ അടങ്ങിയ ഈ മാർഗ്ഗരേഖ NCEMA തയ്യാറാക്കിയിട്ടുള്ളത്. ആരോഗ്യ മേഖലയിലെയും, സുരക്ഷാ മേഖലയിലെയും വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്തമായാണ് NCEMA ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്.
സ്ഥാപനത്തിൽ നടപ്പിലാക്കേണ്ട സമൂഹ അകലം, താമസ മുറികളുടെയും സ്ഥാപന പരിസരങ്ങളിലെയും ശുചീകരണം, അണുനശീകരണം, ജീവനക്കാർക്കിടയിലെ ആരോഗ്യ പരിശോധന, ശുചിത്വ മാനദണ്ഡങ്ങൾ മുതലായ 21 പ്രധാന മാർഗ്ഗനിർദ്ദേശങ്ങളാണ് NCEMA ഹോട്ടൽ മേഖലയ്ക്കായി ഒരുക്കിയിട്ടുള്ളത്. ഇവ കൂടാതെ ഇത്തരം സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിലും, സ്ഥാപനങ്ങളിലെ കഫേകൾ, റസ്റ്ററെന്റുകൾ, നീന്തൽക്കുളങ്ങൾ, ഹെൽത്ത് ക്ലബുകൾ, പ്രൈവറ്റ് ബീച്ചുകൾ മുതലായ അനുബന്ധ സൗകര്യങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
- തുറന്ന് പ്രവർത്തിക്കുന്നതിന് മുൻപായി ഹോട്ടലുകളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 പരിശോധനകൾ നിർബന്ധമാണ്. തുടർന്ന് ഓരോ 15 ദിവസവും കൊറോണാ വൈറസ് പരിശോധനകൾ നടത്തണം.
- ജീവക്കാരുടെ ശരീരോഷ്മാവ് ദിനവും ഒന്നിലധികം തവണ പരിശോധിക്കേണ്ടതാണ്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് സ്ഥാപനങ്ങളുടെ പരിസരങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല.
- രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അതിഥികൾക്കായി പ്രത്യേക ഐസൊലേഷൻ സംവിധാനങ്ങൾ ഒരുക്കണം. ഇവ സ്ഥാപനങ്ങളുടെ പ്രധാന കവാടത്തിനോട് ചേർന്നായിരിക്കണം ഒരുക്കേണ്ടത്.
- അതിഥികൾ ഉപയോഗിച്ച മുറികൾ 24 മണിക്കൂറിനു ശേഷം മാത്രമേ അടുത്ത അതിഥികൾക്കായി അനുവദിക്കാവൂ.
- സ്ഥാപനങ്ങളിലെ കഫേകൾ, റസ്റ്ററെന്റുകൾ, നീന്തൽക്കുളങ്ങൾ, ഹെൽത്ത് ക്ലബുകൾ എന്നിവയിലേക്ക് ശരീരോഷ്മാവ് പരിശോധിച്ച് മാത്രമേ പ്രവേശനം അനുവദിക്കാവൂ. നിശ്ചിത പരിധിയിൽ കൂടുതൽ ആളുകളെ ഒരേ സമയം ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിപ്പിക്കരുതെന്നും മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. സ്ഥാപനങ്ങളിലെ കഫേകളിലും, റസ്റ്ററെന്റുകളിലും ഒരു മേശയിൽ 4 പേരിൽ കൂടുതൽ പേരെ അനുവദിക്കാൻ പാടില്ല. ഇവ രാവിലെ 6 മുതൽ രാത്രി 9 വരെ മാത്രമേ പ്രവർത്തിപ്പിക്കാവൂ. മേശകൾ തമ്മിൽ 2.5 മീറ്റർ അകലം ഉറപ്പാക്കണം. ഭക്ഷണം വിളമ്പുന്നതിനായി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.
- നീന്തൽ കുളങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ തുടർച്ചയായി അണുനശീകരണ നടപടികൾ കൈക്കൊള്ളേണ്ടതാണ്. സമൂഹ അകലത്തെക്കുറിച്ചുള്ള അടയാളങ്ങൾ അതിഥികൾക്കായി പ്രദർശിപ്പിക്കേണ്ടതാണ്. ഹോട്ടലുകളുടെ പ്രൈവറ്റ് ബീച്ചുകളിൽ സമൂഹ അകലം ഉറപ്പിക്കുന്നതിനായി മേഖലകളാക്കി തിരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഈ നിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവുകൾ എല്ലാ അനുബന്ധ വകുപ്പുകൾക്കും നൽകുന്നതാണെന്നും, ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.