ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം മനുഷ്യന് മാത്രമല്ല എന്ന സത്യം വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തിന്റെ വരികളിലൂടെ നമുക്ക് മനസ്സിലാക്കി തന്നതാണ്. ഭൂമിയുടെ അവകാശികൾ എന്ന അദ്ദേഹത്തിന്റെ സൃഷ്ടി, സകല ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശമാണെന്ന പാഠം നമുക്ക് നൽകിയതാണ്. തങ്ങൾ വളച്ചു കെട്ടിയ മുൾവേലികൾക്കിടയിലുള്ള ഭൂമി മനുഷ്യന് മാത്രമല്ല, എല്ലാ ജീവിവർഗ്ഗങ്ങൾക്കും അവകാശപ്പെട്ടതാണെന്ന നിസ്വാർത്ഥ ചിന്തയുടെ പ്രതീകമാണ് ഈ കഥയിലെ നായകൻ, എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ മനുഷ്യന്റെ സ്വസ്ഥതയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു പ്രായോഗികവാദിയും.
കഴിഞ്ഞ ചില ദിവസങ്ങളിലായി നമ്മുടെ സമൂഹമാധ്യമ പ്രതലങ്ങൾ ഇത്തരം ഭിന്നാഭിപ്രായങ്ങളുടെ വേദിയായി മാറുന്ന കാഴ്ച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. പാലക്കാട് ജില്ലയിലെ, തിരുവിഴാംകുന്ന്, അമ്പലപ്പാറ, വെള്ളിയാറിൽ മനുഷ്യന്റെ ക്രൂരതയ്ക്കിരയായി ഒരു ഗർഭിണിയായ കാട്ടാന ചെരിഞ്ഞ ദാരുണമായ കൃത്യമാണ് ചർച്ചാ വിഷയം. തേങ്ങയിൽ വെടിമരുന്നു നിറച്ച് വച്ച മനുഷ്യ കെണിയിൽ, താടിയെല്ല് പിളർന്ന് ചെരിഞ്ഞ പാവം മിണ്ടാപ്രാണി, തനിക്കേറ്റ ക്ഷതത്തിൽ പുഴുവും ഉറുമ്പും വരാതിരിക്കാനായി വെള്ളത്തിൽ തുമ്പിക്കൈയ്യും വായും മുക്കിപ്പിടിച്ച് വേദന തിന്ന് കൊണ്ടാണ് മരണത്തെപുല്കിയത്. ഈ സംഭവം ഇന്ന് അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായി മാറി. ഈ വിഷയത്തിലും വിവാദങ്ങളില്ലാതെ, ആ കൃത്യത്തിലെ തെറ്റുകളെ അപലപിക്കാൻ പലർക്കും സാധിക്കുന്നില്ല എന്നത് അവർ ചർച്ചകളെ ഒരു ജീവനോബാധിയാക്കി മാറ്റിയതുകൊണ്ടായിക്കാമെന്നു കരുതുന്നു. പൊതുവെ ജനകീയ വിഷയങ്ങളിൽ മൗനം പാലിക്കുന്ന കലാകാരന്മാർ പോലും ഈ വിഷയത്തിൽ പ്രതികരിച്ചു.
കാട്ട് പന്നികളിൽ നിന്നും വിളകളെ സംരക്ഷിക്കുവാൻ മനുഷ്യൻ ചെയ്ത ഒരു പ്രവർത്തിയാണെങ്കിലും, ചെയ്ത ഈ കൃത്യം അത്യന്തം ക്രൂരമാണെന്നതിനു സംശയമില്ല. കുറ്റക്കാർക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം നടപടി എടുക്കുകയും വേണം. വർധിച്ചു വരുന്ന സമൂഹ മാധ്യമ സാക്ഷരത കൊണ്ടും, ചില പ്രത്യേക താത്പര്യങ്ങളാലും, ഇന്ന് ലോകം ഈ കൊച്ചു കേരളത്തിൽ നടന്ന ഒരു ഹീനകൃത്യത്തെക്കുറിച്ച് അറിഞ്ഞു വരുന്നു. എന്നാൽ നിത്യവും വന്യജീവികളോട് അനാദരവ് കാട്ടുന്നവരാണ് കേരളീയർ എന്ന് ഇതിൽ നിന്ന് വായിച്ചെടുക്കുന്നതിലെ രാഷ്ട്രീയം, വൈരാഗ്യത്തിന്റെ മാത്രം സ്വരമായി കണക്കാക്കിയാൽ മതി.
എല്ലാം സ്വസ്ഥമായിരിക്കുന്നിടത്തല്ല, ചെളിയും ചേറും നിറഞ്ഞിടത്താണ് രാഷ്ട്രീയത്തിനു വളർച്ച; ഇത് ചർച്ചകളിൽ വരുന്നവർക്കറിവുണ്ടായിരിക്കും, പക്ഷെ കാണികളായ സാധാരണക്കാർക്ക് ചിലപ്പോൾ ഈ സിദ്ധാന്തം അറിയണമെന്നില്ല. ഏതൊരു കാര്യത്തിനും രണ്ടു വശമുണ്ടെന്ന പോലെ ഈ വിഷയത്തിലും മറ്റൊരു വശമുണ്ട്. വന്യമൃഗങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്, അതിൽ തർക്കമില്ല ഒപ്പം കർഷകന് അവന്റെ വിളകളും സംരക്ഷിക്കാൻ കഴിയണം. ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന് ഏറ്റു പറഞ്ഞിരുന്ന ഒരു സംസ്കാരം നമുക്കുണ്ട്. നാടിനെ ഊട്ടുവാൻ, കാടിനോട് മല്ലിടുന്ന ഒരു സമൂഹത്തെയും നാം കാണേണ്ടതുണ്ട്. വലിയ കെട്ടിടങ്ങളിലെ ശീതീകരിച്ച മുറികളിലിരുന്നു കൊണ്ട് മനോവിഷമം നാല് വരികളിൽ എഴുതി ഫലിപ്പിക്കുന്ന സമൂഹ മാധ്യമ പോരാളികൾ, അരച്ചാൺ വയറൂട്ടാനായി രാപ്പകൽ മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ ശബ്ദം കൂടി കേൾക്കണം.
വയൽ നികത്തിയും, കായൽ കയ്യേറിയും, കായലോര കാഴ്ചയാസ്വദിച്ചും, കാട് കയ്യേറിയതിനു കർഷകനെ കുറ്റപ്പെടുത്തുന്നവർ അവരവർ ഇരിക്കുന്നിടം കയ്യേറ്റ ഭൂമിയല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സുഖജീവിതത്തിനു പുഴയോരത്ത് വീടുവയ്ക്കുന്നതും, അതിജീവനത്തിന് മലയോരത്ത് വീടുവയ്ക്കുന്നതും രണ്ടും രണ്ടായി കാണാൻ പഠിക്കണം. ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ അതിനെ, വൈകാരികതയോടെയല്ലാതെ, വിവേകപൂർവ്വം വിലയിരുത്താൻ കഴിയണം. പ്രകൃതി ചൂഷണം, മൃഗവേട്ട എന്നിവ സംസ്ഥാനത്ത് പതിന്മടങ്ങ് തോതിൽ നടക്കുന്നുണ്ട്, അതും വിവിധ തരം ഒത്താശകളോടെ, എന്നത് നഗ്നമായ യാഥാർഥ്യമാണ്; എന്നാൽ അതിനു ചില പ്രത്യേക നിറങ്ങൾ ചാർത്തനുള്ള ശ്രമങ്ങൾ ഈ ചൂഷണങ്ങളുടെ പോലെ തന്നെയുള്ള മറ്റൊരു ചൂഷണമാണ്.
അതി വൈകാരികത വാർത്തകളിലും, ജീവിതത്തിലും വർദ്ധിച്ചു വരുന്ന ഈ കാലത്ത്, വന്യ ജീവികൾ സംരക്ഷിക്കപ്പെടണം, ഒപ്പം കർഷകന്റെ വിളകളും. കാടിന്റെ മക്കളെ ചതിച്ച് കൊല്ലാൻ വെടി മരുന്ന് വച്ചവരെ ശിക്ഷിക്കുന്നതിലൂടെ, ഇനിയും ഇത്തരം ക്രൂരതകളും, വെടിയിറച്ചി കച്ചവടവും നടക്കുന്നില്ല എന്ന് നാടും കാടും യോജിക്കുന്ന സ്ഥലത്തുള്ളവർ ഉറപ്പുവരുത്തണം.അതേ സമയം തന്നെ ഇത്തരം വിപത്തിനെ മറയാക്കി, വലിയ വിപത്തുകൾ നമുക്കുള്ളിൽ കടന്നു കയറുന്നതിൽ സമൂഹം ജാഗ്രത പുലർത്തണം; അതിനു കണ്ണും, കാതും കൃത്യതയോടെ വയ്ക്കേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്.