സൗദിയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) അറിയിച്ചു. നിലവിൽ സൗദിയിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുന്നതായും, ഔദ്യോഗികമായ അറിയിപ്പുകൾ ഉണ്ടാകുന്നത് വരെ രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഔദ്യോഗിക സംവിധനങ്ങളിലൂടെ സർക്കാർ അറിയിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ പൗരന്മാരെ തിരികെയെത്തിക്കുന്ന പ്രത്യേക രാജ്യാന്തര വിമാന സർവീസുകൾക്ക് മാത്രമാണ് സൗദി അനുവാദം നൽകിയിട്ടുള്ളത്.
അതേസമയം തായിഫ്, ഹഫര്‍ അല്‍ ബത്തീന്‍, ബിഷ, യാമ്പു, ശറൂറ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നു കൂടി ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാൻ വ്യോമയാന വകുപ്പ് അനുമതി നൽകിയതായി ഏതാനം ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. സൗദിയിൽ മെയ് 31 മുതലാണ് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്.