ദുബായ് കൾച്ചറിന് കീഴിലുള്ള ലൈബ്രറികൾ ജൂൺ 18 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അൽ റാസിൽ ഒഴികെയുള്ള എല്ലാ പൊതു ലൈബ്രറികളും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയായിരിക്കും ഇവ പ്രവർത്തിക്കുക. വെള്ളിയാഴ്ച്ചകളിൽ ഇവ അവധിയായിരിക്കും.
ലൈബ്രറികളിൽ സന്ദർശകരുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് ദുബായ് കൾച്ചർ വ്യക്തമാക്കി. ലൈബ്രറിയിൽ എത്തുന്ന സന്ദർശകരോട് എല്ലാ സമയവും 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈബ്രറികളുടെ കവാടങ്ങളിൽ തെർമൽ സ്ക്രീനിംഗ് സംവിധാനവും, സാനിറ്റിസറുകളും ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കും, സന്ദർശകർക്കും മാസ്കുകൾ നിർബന്ധമാണ്. ലൈബ്രറിയുടെ മുഴുവൻ ഇടങ്ങളും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തി സുരക്ഷ ഉറപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും തയ്യാറാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
ദുബായിലെ സാംസ്കാരിക കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാനും, സാംസ്കാരിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുമുള്ള സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായ് കൾച്ചറിന് കീഴിലുള്ള ലൈബ്രറികൾ തുറക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളിലും വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനു ഈ തീരുമാനം സഹായകരമാകുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
മാർച്ച് പകുതി മുതൽ, കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ദുബായിലെ പൊതു ലൈബ്രറികൾ അടിച്ചിട്ടിരിക്കുകയായിരുന്നു. എല്ലാ പ്രായത്തിലുള്ളവരെയും അധികൃതർ ലൈബ്രറികളിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ലൈബ്രറികൾ തുറക്കുമെങ്കിലും, ലൈബ്രറി പരിസരങ്ങളിൽ നടത്താറുള്ള ചടങ്ങുകൾ, സെമിനാറുകൾ മുതലായവ വിലക്കിയ ഉത്തരവ് തുടരുമെന്നും ദുബായ് കൾച്ചർ വ്യക്തമാക്കി.