COVID-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ, സൗദിയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു നിയന്ത്രണങ്ങൾ ജൂൺ 21, ഞായറാഴ്ച്ച മുതൽ പൂർണ്ണമായും പിൻവലിക്കാൻ തീരുമാനിച്ചു. ഞായറാഴ്ച്ച രാവിലെ 6 മുതൽ രാജ്യത്തുടനീളം ഈ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സൗദി സർക്കാർ വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ശനിയാഴ്ച അറിയിച്ചത്. നിലവിൽ കർശന നിയന്ത്രണങ്ങൾ തുടരുന്ന മക്കയിലും, ജിദ്ദയിലും ജൂൺ 21 മുതൽ ഈ തീരുമാനപ്രകാരം കർഫ്യു നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യവ്യാപകമായി, ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികളുടെ ഭാഗമായാണ് ഞായറാഴ്ച്ച മുതൽ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നത്. രാജ്യവ്യാപകമായി വാണിജ്യ, വ്യാപാര മേഖലകളിലെ എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളെല്ലാം, കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച്ക്കൊണ്ടായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 50-ൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്കുകൾ, സമൂഹ അകലം എന്നിവ നിർബന്ധമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചെങ്കിലും, ഉംറ തീർത്ഥാടനത്തിനുള്ള വിലക്കുകളും, സന്ദർശക വിസകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവെച്ചിട്ടുള്ള തീരുമാനവും സൗദിയിൽ തുടരും. നിലവിലെ സാഹചര്യത്തിൽ, അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. കര, കടൽ മാർഗങ്ങളിലൂടെ സൗദിയിലേക്കും, തിരികെയുമുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള താത്‌കാലിക വിലക്കുകളും തുടരാനാണ് തീരുമാനം. സാഹചര്യങ്ങൾ തുടരെ വിലയിരുത്തിയ ശേഷം, ആവശ്യമെങ്കിൽ തീരുമാനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതാണെന്നും അധികൃതർ അറിയിച്ചു.
രോഗപ്രതിരോധത്തിനായി ഏർപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇളവുകൾ പ്രബാല്യത്തിൽ വരുന്നതോടെ ഇത്തരം നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കുമെതിരെ പിഴ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, പൊതുജനങ്ങളോട് സൗദിയുടെ ഔദ്യോഗിക COVID-19 ട്രാക്കിങ്ങ് സ്മാർട്ട് ആപ്പ് ഉപയോഗിക്കാനും അധികൃതർ ആഹ്വാനം ചെയ്തു.