അബുദാബിയിലെ വിവിധ മേഖലകൾ തമ്മിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ ജൂൺ 23, ചൊവ്വാഴ്ച്ച രാവിലെ 6 മുതൽ ഒഴിവാക്കാൻ തീരുമാനിച്ചു. അബുദാബി പോലീസ്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് എന്നിവരുമായി ചേർന്ന് സംയുക്തമായാണ് എമിറേറ്റിലെ COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.
ഇതോടെ അബുദാബി, അൽ ഐൻ, അൽ ദഫ്റ മുതലായ എമിറേറ്റിന്റെ വിവിധ മേഖലകൾ തമ്മിലുള്ള യാത്രകൾക്ക് ജൂൺ 2 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒഴിവാകും.
അബുദാബിയിലെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കുറവും, രോഗവ്യാപനത്തിൽ നടപ്പിലാക്കാൻ സാധിച്ചിട്ടുള്ള നേട്ടങ്ങളും കണക്കിലെടുത്താണ് എമിറേറ്റിലെ മേഖലകൾ തമ്മിലുള്ള യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള എല്ലാ യാത്രകൾക്കും അബുദാബി പോലീസിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ ഒരാഴ്ച്ചത്തേയ്ക്ക് കൂടി തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതം, തപാൽ എന്നിവയ്ക്കും, പെർമിറ്റ് ഉള്ള യാത്രികർക്കും മാത്രമേ എമിറേറ്റിലേക്ക് പ്രവേശനം നൽകുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. https://es.adpolice.gov.ae/en/movepermit എന്ന വിലാസത്തിലൂടെ, മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ മൂവ്മെന്റ് പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്.
ഈ തീരുമാനത്തോടെ, അബുദാബിയിലെ നിവാസികൾക്ക്, അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ ഒഴികെ, (രാത്രി 10 മുതൽ രാവിലെ 6 വരെ ഒഴികെ) സഞ്ചരിക്കുന്നതിനുള്ള അനുവാദം ഉണ്ടായിരിക്കും. ഇളവുകളുടെ ഭാഗമായി, ജൂൺ 16 മുതൽ അബുദാബിയിൽ നിന്ന് പുറത്തേക്ക് പെർമിറ്റ് കൂടാതെ യാത്ര ചെയ്യുന്നതിന് നേരത്തെ അനുവാദം നൽകിയിരുന്നു. തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകൾ തുടരുമെന്നും, അബുദാബിയിലേക്ക് മറ്റു എമിറേറ്റുകളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിന് അനുവാദമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.