ജസ്വന്ത് സിംഗ് റാവത്

Editorial
ജസ്വന്ത് സിംഗ് റാവത് – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

Martyrdom is not the end, but the beginning of a legend.” രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള ഈ വാചകം കൂടുതൽ അർത്ഥതപൂർണ്ണമാകുന്നു, ഇന്ത്യൻ പട്ടാളത്തിലെ ജ്വലിക്കുന്ന ഓർമ്മയായി നിലനിൽക്കുന്ന, റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്തിന്റെ ജീവിതത്തിലൂടെ കണ്ണോടിക്കുമ്പോൾ. അതെ, മഹാവീരചക്രം മരണാനന്തര ബഹുമതിയായി ലഭിച്ച, ഗർവാൾ റൈഫിളിലെ, റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്. 1962-ൽ ഇന്നത്തേതുപോലെ, അന്നും പ്രതീക്ഷകൾക്ക് വിപരീതമായി ചൈനീസ് പട്ടാളം ആക്രണമണത്തിനൊരുങ്ങിയപ്പോൾ, അവരോട് സധൈര്യം പോരാടി ജീവത്യാഗം ചെയ്ത ധീരനായ ഭാരതീയൻ.

1962 നവംബർ 17-ന് ചൈനീസ് പട്ടാളം അപ്രതീക്ഷിതമായി നടത്തിയ ആക്രമണം ചെറുത്ത് നിൽക്കാൻ ഇന്ത്യൻ പട്ടാളത്തിനായില്ല. സമുദ്ര നിരപ്പിൽ നിന്നും പതിനായിരം അടി ഉയരത്തിലെ തണുത്തുറഞ്ഞ യുദ്ധഭൂമിയിൽ ജസ്വന്ത് സിംഗും, ലാൻസ് നായിക് ത്രിലോക് സിങ്ങ് നേഗി, റൈഫിൾമാൻ ഗോപാൽ സിങ്ങ് ഗുസൈൻ എന്നിവരും ചേർന്ന് അഞ്ഞൂറിൽ പരം ചൈനീസ് പടയാളികളെ ചെറുക്കുന്നു. ആയുധബലം കൊണ്ടും അംഗബലംകൊണ്ടും ശക്തരായ ചൈനീസ് പട്ടാളത്തിന് മുന്നിൽ പടപൊരുതിയ, ഇവർ ധീരമായി ചൈനീസ് പട്ടാളത്തെ തടയുന്നു.

അരുണാചൽ പ്രദേശിലെ തവാങ്ങ് മേഖലയിലുള്ളവരുടെ വിശ്വാസപ്രകാരം, ജസ്വന്ത് സിംഗിന്റെ കൂടെ സഹായത്തിനായി സേല, നൂറ എന്നീ പ്രദേശവാസികളായ രണ്ടു ധീരവനിതകൾ കൂടെ ഉണ്ടായിരുന്നു. ഇവരുടെ ഓർമ്മയ്ക്കായാണ് ഇൻഡോ ചൈന അതിർത്തി പ്രദേശത്തെ ഏറ്റവും ഉയർന്ന പോയിന്റുകളിൽ ഒന്നായ തവാങിലേക്കുള്ള വഴി സേല പാസ്സ് എന്നും പ്രധാനപാത നൂറ പാസ് എന്നും അറിയപ്പെടുന്നത്. ജസ്വന്തിനോടൊപ്പം സ്വന്തം നാടിനു വേണ്ടി പോരാടാൻ സേലയും നൂറയും തയ്യാറായി. സേലയുടെയും, നൂറയുടെയും സഹായത്തോടെ മലമുകളിൽ വിവിധ സ്ഥലങ്ങളിൽ ആയുധങ്ങൾ സ്ഥാപിച്ചു കൊണ്ട്, പല ദിശകളിൽ നിന്നും ആക്രമണം നടത്തി മലമുകളിൽ ഒരു കൂട്ടം പട്ടാളക്കാർ ഉണ്ടെന്ന ധാരണ ഉളവാക്കിക്കൊണ്ട് ജസ്വന്ത് സിംഗ് ചൈനീസ് പട്ടാളത്തെ തടഞ്ഞ് നിർത്തുന്നു.

നീണ്ട എഴുപത്തി രണ്ടു മണിക്കൂർ ശത്രുരാജ്യത്തോട് അദ്ദേഹം പൊരുതി നിന്നു. അവസാനം ഒരു പട്ടാളക്കാരൻ മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന യാഥാർഥ്യം മനസ്സിലാക്കിയ ചൈനീസ് പട്ടാളം മലമുകളിലേക്ക് കയറുകയും, നൂറയെ പിടികൂടുകയും, സേലയെ ഗ്രനേഡ് ആക്രമണത്തിൽ വധിക്കുകയും ചെയ്യുന്നു. ധീരനായ ജസ്വന്തിനെ വധിച്ച ശേഷം അരിശമടങ്ങാത്ത ചൈനീസ് പട്ടാളം അദ്ദേഹത്തിന്റെ തല വെട്ടിമാറ്റുകയും ചെയ്തു. പിന്നീട് വെടിനിർത്തലിനു ശേഷം ജസ്വന്ത് സിംഗിന്റെ ധീരതയിൽ മതിപ്പ് തോന്നിയ ചൈനീസ് കമാണ്ടർ, ആ ധീരജവാന്റെ ഒരു വെങ്കല പ്രതിമയുണ്ടാക്കി വെട്ടിയെടുത്ത തലയോടൊപ്പം ഇന്ത്യക്ക് കൈമാറി എന്നതും തവാങ്ങ് മേഖലയിൽ ഇന്നും ആളുകൾ അഭിമാനത്തോടെ പറയുന്ന വീരചരിതമാണ്.

Jaswantgarh War memorial, Jaswant Garh War Memorial, Jaswantgarh, Arunachal Pradesh [ഫോട്ടോ: Sirish Tummala]

ഐതീഹ്യം എന്ത് തന്നെയായാലും, 3 ദിവസത്തെ ചെറുത്ത് നിൽപ്പിൽ ജസ്വന്ത് സിംഗ് റാവതിനും, ഗർവാൾ റൈഫിളിലെ മറ്റു ധീരയോദ്ധാക്കൾക്കും മുൻപിൽ 300-ഓളം ചൈനീസ് പടയാളികൾക്കാണ് ജീവൻ നഷ്ടമായത്. തങ്ങൾക്ക് നേരെ കൃത്യമായി പ്രതിരോധം തീർത്ത് കൊണ്ട് നിറയൊഴിക്കുന്ന ചൈനീസ് ബങ്കറിലെ മീഡിയം മെഷീൻ ഗൺ തകർക്കാനുള്ള ഉദ്യമം അത്യന്തം ധീരതയോടെ ജസ്വന്ത് സിംഗും, ത്രിലോക് സിങ്ങ് നേഗി, ഗോപാൽ സിങ്ങ് ഗുസൈൻ എന്നിവരും ചേർന്ന് നിറവേറ്റുന്നു. അതിഭയങ്കരമായ പോരാട്ടത്തിനൊടുവിൽ തങ്ങൾക്ക് നേരെ വെടിയുതിർത്തുകൊണ്ടിരുന്ന ശത്രുവിന്റെ ബങ്കർ തകർക്കുന്നതിലും, ആയുധം കൈവശപ്പെടുത്തുന്നതിലും ജസ്വന്ത് സിംഗും കൂട്ടരും വിജയിച്ചെങ്കിലും, പോരാട്ടത്തിലേറ്റ മുറിവുകൾ ഈ ധീരരായ പോരാളികളുടെ ജീവനെടുക്കാൻ തക്കവണ്ണം മാരകമായിരുന്നു.

അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ നിന്നും 25 കി.മീ അകലെ നുരനാംഗിൽ ഇന്ത്യൻ ആർമി ജസ്വന്ത് ഘർ എന്ന പേരിൽ ഇദ്ദേഹത്തിന്റെ ഓർമ്മക്കായി ഒരു സ്മാരകം ഒരുക്കിയിട്ടുണ്ട്. ജസ്വന്തിന്റെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സേല പാസ്സ് വഴി കടന്നു പോകുന്ന ഏതൊരു പട്ടാളക്കാരനും, അത് എത്ര ഉന്നതനായാലും ജസ്വന്ത് സിംഗിനു ശ്രദ്ധാഞ്‌ജലി അർപ്പിച്ചിട്ടേ പോകാറുള്ളൂ. ഇവിടെയുള്ള പട്ടാളക്കാർ ജസ്വന്തിന്റെ ഓർമ്മയെ പരിചരിക്കുക മാത്രമല്ല, അപകടസാദ്ധ്യത നിറഞ്ഞ ആ മലനിരകളിലൂടെ യാത്രചെയ്യുന്ന യാത്രക്കാരെ സഹായിക്കുകയും, ചായയും ലഘുഭക്ഷണവും നൽകുകയും ചെയ്യുന്നു. ഇന്ത്യ എന്ന വലിയ രാജ്യത്തിലെ, ഒരു പട്ടാളക്കാരന്റെ വീര്യത്തിന്റെ ചരിത്രമാണ് നാം ഇവിടെ പങ്ക് വെച്ചത്. ഇതുപോലെ അനേകായിരങ്ങൾ കാവൽ നില്ക്കുന്ന ധൈര്യത്തിലാണ് നാം പ്രസ്താവനകളും, ചർച്ചകളും, രാഷ്ട്രീയ കുതിരക്കച്ചവടങ്ങളും നടത്തുന്നതെന്ന് ഒരു നിമിഷം ഓർക്കുക. ഇവരുടെ ഓർമ്മകളെ മാനിച്ചില്ലെങ്കിലും, അവരുടെ ധീരതയെയും, ത്യാഗത്തെയും, ഇകഴ്ത്തികാണിക്കാതിരിക്കാനുള്ള ഔചിത്യബോധം സമൂഹത്തിൽ പുലരുമെന്ന് വിശ്വസിക്കാം.

കവർ ഫോട്ടോ: Animesh Borah

Leave a Reply

Your email address will not be published. Required fields are marked *