ജൂൺ 24 മുതൽ, ഒമാനിലെ വാണിജ്യ മേഖലയിലെ 55-ഓളം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു സുപ്രീം കമ്മിറ്റി നൽകിയ അനുവാദം, ഏതാനം ഇടങ്ങളിൽ ബാധകമല്ലെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. ഹംരിയ, മത്ര, അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ മേഖലകളുടെ ഏതാനം ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ തുടരുമെന്നും, ജൂൺ 24 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നിർദ്ദേശം ഈ ഇടങ്ങളിൽ ബാധകമല്ലെന്നുമാണ് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചത്.
കൊറോണ വൈറസ് വ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ, ഇത്തരം ഇടങ്ങളിൽ താത്കാലികമായി ഈ പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ല എന്ന് അധികൃതർ അറിയിച്ചു. ഒമാനിലെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്, ജൂൺ 24, ബുധനാഴ്ച്ച മുതൽ അനുവാദം നൽകിയതായി സുപ്രീം കമ്മിറ്റി ഇന്നലെ അറിയിച്ചിരുന്നു. കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇവ പുനരാരംഭിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.