ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് കൊണ്ട് അൽ ഫർസാൻ വ്യോമാഭ്യാസ പ്രകടനം സമാപിച്ചു

UAE

ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കുന്നതിനായി, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ വിഭാഗമായ അൽ ഫർസാൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിവന്നിരുന്ന അഭ്യാസപ്രകടനങ്ങൾക്ക് അതിഗംഭീരമായ പരിസമാപ്തി. ദുബായ്, ഷാർജ, അജ്‌മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ആശുപത്രികളുടെ മുകളിലെ വാനിൽ അത്ഭുതകരമായ അഭ്യാസപ്രകടനങ്ങളും, വർണ്ണവിസ്മയവും തീർത്താണ് ജൂൺ 23, ചൊവ്വാഴ്ച്ച അൽ ഫർസാൻ വ്യോമാഭ്യാസ പ്രകടനം സമാപിച്ചത്.

കൊറോണാ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ടെക്നിക്കൽ ജീവനക്കാർ, അഡ്മിനിസ്ട്രേഷൻ ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗം ആരോഗ്യപ്രവർത്തകരോടുമുള്ള നന്ദി അറിയിക്കുന്നതിനായാണ് യു എ ഇ സേനാ വിഭാഗത്തിന്റെ ജനറൽ ഹെഡ്ക്വാർട്ടർ (GHQ) മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഈ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. തങ്ങളുടെ സുരക്ഷ പോലും വകവെക്കാതെ, COVID-19 പ്രതിരോധത്തിനായി മുഴുവൻ സമയവും സേവനത്തിനിറങ്ങിയ ആരോഗ്യപ്രവർത്തകർക്ക് ഈ അഭ്യാസപ്രകടങ്ങളിലൂടെ യു എ ഇ വ്യോമസേന ആദരമർപ്പിച്ചു.

GHQ-യുടെ ഈ പ്രവർത്തനങ്ങളെ ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു. ഈ വ്യോമാഭ്യാസ പ്രകടനങ്ങൾ മുഴുവൻ ആരോഗ്യപ്രവർത്തകർക്കുമുള്ള അംഗീകാരമാണെന്നും, അവർക്ക് മുന്നോട്ടുള്ള പോരാട്ടത്തിൽ ഇത് വലിയ ആത്മവിശ്വാസം നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വ്യോമാഭ്യാസ പ്രകടനങ്ങളുടെ സമാപന ദിവസം, ദുബായിലെ അൽ കുവൈറ്റ് ആശുപത്രി, ഷാർജയിലെ അൽ കുവൈറ്റ് ആശുപത്രി, അജ്മാനിലെ ഷെയ്ഖ് ഖലീഫ ആശുപത്രി, ഉം അൽ ഖുവൈനിലെ ഫീൽഡ് ഹോസ്പിറ്റൽ, റാസ് അൽ ഖൈമയിലെ ഫീൽഡ് ഹോസ്പിറ്റൽ, ഇബ്രാഹിം ബിൻ ഹമദ് ഉബൈദുല്ലാ ആശുപത്രി, ഫുജൈറയിലെ ഫീൽഡ് ഹോസ്പിറ്റൽ, ഖോർഫക്കാൻ ആശുപത്രി, മസാഫി ആശുപത്രി എന്നിവിടങ്ങൾക്ക് മുകളിലൂടെ അൽ ഫർസാൻ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തി. ജീവനക്കാർക്കിടയിൽ പ്രചോദനം നൽകിയ ഈ പ്രവർത്തനങ്ങളെ ദുബായ് ഹെൽത്ത് അതോറിറ്റി അഭിനന്ദിച്ചു.