ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുമ്പോൾ നടപ്പിലാക്കേണ്ട മുൻകരുതലുകളെക്കുറിച്ച് KHDA ചർച്ച സംഘടിപ്പിച്ചു

UAE

വിദ്യാലയങ്ങൾ തുറക്കുമ്പോൾ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികളെക്കുറിച്ച്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോറിറ്റി (KHDA) ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. KHDA ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കരം അധ്യക്ഷനായ ഈ വിർച്യുൽ കൂടിക്കാഴ്ചയിൽ, ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പ്രിൻസിപ്പൽമാരും, സ്‌കൂൾ ലീഡർമാരും പങ്കെടുത്തു. വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവരുടെയും, പൊതു സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ മുൻകരുതലുകളെക്കുറിച്ച് ഈ ചർച്ചയിൽ വിശദമായി വിശകലനം ചെയ്തു.

“വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ഒരുപോലെ ഉത്‌ക്കണ്‌ഠാകുലരാണെന്ന് ഞങ്ങൾക്ക് അറിയാം. വിദ്യാലയങ്ങളിൽ എത്തുന്ന എല്ലാവരുടെയും ആരോഗ്യ സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. സുരക്ഷയോടൊപ്പം, വിദ്യാലയങ്ങളിൽ തിരികെയെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും ആസ്വാദ്യകാര്യമായ പഠനാനുഭവം കൂടി ഉറപ്പാക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.”, ഡോ. അൽ കരം വ്യക്തമാക്കി.

എല്ലാ വിദ്യാലയങ്ങൾക്കും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ഒരുപോലെ ബാധകമായിരിക്കുമെങ്കിലും, ഓരോ വിദ്യാലയങ്ങൾക്കും തങ്ങളുടെതായ പഠനപദ്ധതികൾ ഒരുക്കുന്നതിന് അനുവാദം നൽകും. പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ അങ്കണവും, പരിസരങ്ങളും പ്രചോദനകരമായി മോടിപിടിപ്പിക്കുന്നതിൽ സ്‌കൂൾ ലീഡർമാർക്ക് പ്രോത്സാഹനം നൽകും.