ഒമാൻ: പള്ളികൾ ഉടൻ തുറക്കില്ല; അൽ ഹംരിയ, അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ മേഖലയിലെ നിയന്ത്രണങ്ങൾ ജൂൺ 28 മുതൽ ഒഴിവാക്കും

Oman

ഒമാനിലെ പള്ളികൾ ഉടൻ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു. ഇന്ന് (ജൂൺ 25) നടന്ന കൊറോണാ വൈറസ് അവലോകന പ്രത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

കൊറോണ വൈറസ് സാഹചര്യത്തിൽ മാർച്ച് മുതൽ ഒമാനിലെ പള്ളികൾ അടച്ചിരിക്കുകയാണ്. നിലവിൽ പള്ളികൾ തുറക്കുന്നതിനുള്ള സാഹചര്യം ആയെന്ന് പറയാറായിട്ടില്ല എന്ന് അദ്ദേഹം പത്രസമ്മളനത്തിൽ അറിയിച്ചു.

“സുപ്രീം കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും പള്ളികൾ തുറക്കുന്നതിനായി ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയരുന്ന ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരാണെങ്കിലും, പൊതുസമൂഹത്തിന്റെ സുരക്ഷയും, മനുഷ്യ ജീവന്റെ സംരക്ഷണവും കണക്കിലെടുത്ത് ഈ സന്ദർഭത്തിൽ ഇതിനെ കുറിച്ച് തീരുമാനം എടുക്കാൻ കഴിയില്ല”, ഡോ. അൽ സൈദി വ്യക്തമാക്കി. നിലവിൽ, വളരെ പെട്ടന്ന് തന്നെ പള്ളികൾ തുറക്കാൻ ഒമാൻ തീരുമാനിച്ചിട്ടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മസ്‌കറ്റിലെ അൽ ഹംരിയ, അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ ആരോഗ്യ കാരണങ്ങളാൽ ഏർപ്പെടുത്തിയ ഐസൊലേഷൻ ജൂൺ 28, ഞായറാഴ്ച്ച മുതൽ ഒഴിവാക്കുമെന്ന് അദ്ദേഹം അറിയിച്ചു. വ്യാഴം, വെള്ളി എന്നീ ദിനങ്ങളിൽ ഒഴികെ ഈ മേഖലയിൽ തുറക്കാവുന്ന വാണിജ്യ പ്രവർത്തനങ്ങളെക്കുറിച്ച് താമസിയാതെ മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കുമെന്നും ഡോ. അൽ സൈദി കൂട്ടിച്ചേർത്തു. മത്ര സൂക്ക് ഐസൊലേഷനിൽ തുടരും.