രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങൾക്കും, റെസ്റ്ററന്റുകൾക്കും സേവനങ്ങൾ നൽകാവുന്ന പരമാവധി ഉപഭോക്താക്കളുടെ പരിധി 60 ശതമാനത്തിലേക്ക് ഉയർത്തിയതായി അധികൃതർ അറിയിച്ചു. യു എ ഇയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയും (NCEMA) ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് ജൂൺ 25, വ്യാഴാഴ്ച്ച ഈ തീരുമാനം അറിയിച്ചത്.
ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുമ്പോൾ, സ്ഥാപനങ്ങളിലെ കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകൾ ശക്തമാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഭക്ഷണശാലകളിൽ ഒരേസമയം അനുവദിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണം കൂട്ടാമെങ്കിലും, ഒരു മേശയിൽ 4 പേരിൽ കൂടുതൽ പേർക്ക് സേവനങ്ങൾ നൽകാൻ അനുവാദമില്ലെന്ന് NCEMA അറിയിച്ചു. ഭക്ഷണമേശകൾ തമ്മിൽ 2 മീറ്ററെങ്കിലും ചുരുങ്ങിയത് അകലം ഉറപ്പാക്കണം. ഭക്ഷണശാലകളിൽ ഉപഭോക്താക്കൾക്ക്, സേവനങ്ങൾക്കായി കാത്തിരിക്കുന്നതിനുള്ള സംവിധാനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകിയിട്ടില്ല. ജീവനക്കാരും, ഉപഭോക്താക്കളും സമൂഹ അകലം കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൈകൾ ശുചിയാക്കുന്നതിനായി ഹാൻഡ് സാനിറ്റൈസറുകൾ ഒരുക്കേണ്ടതാണ്.
ജീവനക്കാരുടെ ശരീരോഷ്മാവ് ദിനം തോറും പരിശോധിക്കാനും, COVID-19 ലക്ഷണങ്ങൾ ഇല്ലാ എന്ന് ഉറപ്പാക്കാനും സ്ഥാപനങ്ങൾ സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളേറ്റുകൾ, സ്പൂൺ, ഫോർക്ക് മുതലായവ ഉപയോഗിക്കാനും, മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണെന്നും NCEMA അറിയിച്ചു.
ജീവനക്കാർ ഉപയോഗിക്കുന്ന മാസ്കുകൾ, കയ്യുറകൾ എന്നിവ കൃത്യമായ ഇടവേളകളിൽ മാറ്റാനും, സ്ഥാപനങ്ങൾ പതിവായി ശുചീകരിക്കാനും, അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ ഈ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പിക്കുന്നതിനായി പരിശോധനകൾ നടപ്പിലാക്കുമെന്നും NCEMA കൂട്ടിച്ചേർത്തു.