നാഷണൽ സ്റ്റെറിലൈസേഷൻ പ്രോഗ്രാം അവസാനിച്ചതിന്റെ ഭാഗമായി, യു എ ഇയിൽ ഉടനീളം യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കിയ തീരുമാനത്തോടൊപ്പം, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് മാളുകളിലും, റെസ്റ്ററന്റുകളിലും പ്രവേശനം അനുവദിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ കുട്ടികളുടെ ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാകരുതെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) രക്ഷിതാക്കളെ ഓർമപ്പെടുത്തി.
കുട്ടികൾക്ക് മാളുകൾ, ഭക്ഷണശാലകൾ മുതലായ ഇടങ്ങളിൽ പ്രവേശിക്കാമെങ്കിലും, ഇവരുടെ ആരോഗ്യ സുരക്ഷ മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് DOH ആവശ്യപ്പെട്ടു.
കുട്ടികൾ എല്ലാ സമയവും, പൊതുഇടങ്ങളിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം. 2 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇത്തരം ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാണ്. എന്നാൽ 2 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ മാസ്ക് ധരിപ്പിക്കുന്നത് DOH നിർദ്ദേശിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.