യു എ ഇ: COVID-19 മുൻകരുതൽ നിയമങ്ങളും പിഴശിക്ഷകളും ഇപ്പോഴും ബാധകമാണ്; ജാഗ്രത തുടരണം

GCC News

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നിയമങ്ങളും, COVID-19 സുരക്ഷാ വീഴ്ചകൾക്കുള്ള പിഴശിക്ഷകളും നിലവിലെ ഇളവുകളുടെ ഭാഗമായി ഒഴിവാക്കിയിട്ടില്ലെന്നും, അവ കർശനമായി തുടരാനും അധികൃതർ ആവശ്യപ്പെട്ടു. ജൂൺ 27, ശനിയാഴ്ച്ച നടന്ന കൊറോണാ വൈറസ് അവലോകന പത്രസമ്മേളനത്തിൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ അതോറിറ്റി ചീഫ് സാലെം അൽ സാബിയാണ് പൊതു സമൂഹത്തെ ഇത് ഓർമ്മപ്പെടുത്തിയത്.

നിലവിലെ ഇളവുകൾ ജനജീവിതവും, വാണിജ്യ മേഖലയും സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായാണെന്നും, വൈറസിനെതിരെ ജാഗ്രത തുടരാനും, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ വിട്ടുവീഴ്ച കൂടാതെ പാലിക്കാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ രാജ്യത്തെ നിവാസികളുടെ ഇടയിൽ മുൻകരുതൽ നിർദ്ദേശങ്ങളിലെ വീഴ്ചകൾ വർദ്ധിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതായി അൽ സാബി വ്യക്തമാക്കി. മാസ്കുകളുടെ ഉപയോഗം, പൊതു ഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലുമുള്ള ഒത്തുചേരലുകൾ, സമൂഹ അകലം മുതലായ മുൻകരുതലുകൾ സംബന്ധിച്ച നിർദ്ദേശങ്ങളിലാണ് വീഴ്ചകൾ വർദ്ധിക്കുന്നത്. ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും, നിവാസിയുടെയും കടമയാണെന്നും, സമൂഹ സുരക്ഷയ്ക്കായി ഇവയിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാകരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഇത്തരം വീഴ്ചകൾ വരുത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക കൂടിച്ചേരലുകൾ ഒഴിവാക്കാനും, കുടുംബ സംഗമങ്ങൾ പാടില്ലെന്നും, പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്കുകൾ ധരിക്കാനും അൽ സാബി എല്ലാവരോടും ആഹ്വാനം ചെയ്തു. ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴയും, ഇവ തുടരുന്നവർക്ക് 6 മാസം തടവും, 1 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നൽകി.