അൽ ദഫ്റ മേഖലയിലെ എല്ലാ ആശുപത്രികളിലും, നിലവിൽ കൊറോണാ വൈറസ് കേസുകൾ ഇല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. ഈ ആശുപത്രികളിൽ ഉണ്ടായിരുന്ന എല്ലാ COVID-19 രോഗബാധിതരും സുഖം പ്രാപിച്ചതായും, മറ്റു രോഗികൾക്കുള്ള ആരോഗ്യപരിചരണ സേവനങ്ങൾ ആരംഭിച്ചതായും DoH വ്യക്തമാക്കി.
ഈ മേഖലയിലെ മദീനത്ത് സയ്ദ്, ഡൽമ, അൽ മർഫ, ഘായതി, ലിവ, അൽ സിലാ, റുവൈസ് ആശുപത്രികളാണ് ആരോഗ്യപരിചരണ സേവനങ്ങൾ സാധാരണ നിലയിൽ പുനരാരംഭിച്ചിട്ടുള്ളത്. ആരോഗ്യപരിചരണ രംഗത്തെ എല്ലാവരുടെയും സ്ഥിരതയോടെയുള്ള പ്രയത്നങ്ങളും, നാഷണൽ സ്ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായുള്ള തീവ്രമായ ടെസ്റ്റിംഗ് നടപടികളും ഈ നേട്ടം കൈവരിക്കുന്നതിന് വളരെയധികം സഹായിച്ചതായി DoH അറിയിച്ചു.
രോഗവ്യാപനത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും, ജാഗ്രത തുടരാൻ DoH പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. മാസ്കുകൾ ധരിക്കുക, കൈകൾ ശുചിയാക്കുക, സമൂഹ അകലം പാലിക്കുക എന്നീ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാനും DoH ജനങ്ങളോട് ആവശ്യപ്പെട്ടു.
അൽ ഐനിലെ തവാം ഹോസ്പിറ്റൽ, അഡ്നെക് ഫീൽഡ് ഹോസ്പിറ്റൽ, മുബദല ഹെൽത്ത് കെയർ, മെഡ്ക്ലിനിക് ആശുപത്രികൾ, ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റി എന്നിവിടങ്ങളിലും നിലവിൽ കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവർ ഇല്ലായെന്ന് DoH നേരത്തെ അറിയിച്ചിരുന്നു.