തൊഴിലിടങ്ങൾക്കായി സൗദി ആരോഗ്യ മന്ത്രാലയം സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

GCC News

രാജ്യവ്യാപകമായി കർഫ്യു ഇളവുകൾ നൽകിയതോടെ പ്രവർത്തനമാരംഭിച്ച തൊഴിലിടങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി സൗദി ആരോഗ്യ മന്ത്രാലയം. ഓഫീസുകളിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ട് വരുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളും, നിർദ്ദേശങ്ങളുമാണ് മന്ത്രാലയം പങ്ക് വെച്ചത്.

ഈ നിർദ്ദേശങ്ങളിലൂടെ തുറന്ന് പ്രവർത്തിക്കുന്ന തൊഴിലിടങ്ങളിലെ സുരക്ഷയും, സമൂഹത്തിന്റെ സുരക്ഷയും, രോഗ വ്യാപന സാധ്യതകൾ തീർത്തും ഒഴിവാക്കുന്നതും അധികൃതർ ലക്ഷ്യമിടുന്നു.

  • ജീവനക്കാർക്ക് പ്രവേശിക്കുന്നതിനും, പുറത്ത് പോകുന്നതിനും വെവ്വേറെ കവാടങ്ങൾ ഏർപ്പെടുത്തണം.
  • മാസ്കുകൾ നിർബന്ധമാണ്.
  • ഓഫീസ് പരിസരങ്ങളും, ഉപകരണങ്ങളും അണുവിമുക്തമാക്കണം.
  • ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലാസുകളുടെ ഉപയോഗം ഉറപ്പാക്കണം.
  • ജീവനക്കാർ തമ്മിൽ പേന, പേപ്പർ മുതലായവ കൈമാറി ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  • കൈകൾ സോപ്പ് ഉപയോഗിച്ച് ശുചിയാക്കണം. തൊഴിലിടങ്ങളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കേണ്ടതാണ്.
  • ജീവനക്കാർ തമ്മിൽ സമൂഹ അകലം ഉറപ്പാക്കുന്ന രീതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം.
  • രോഗബാധ ഉണ്ടാകാൻ സാധ്യതയുള്ള വിഭാഗം ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
  • കഴിയുന്നതും, മീറ്റിംഗുകൾക്കായി സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ജീവനക്കാർ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്. തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കണം.
  • സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പുകളും, അടയാളങ്ങളും സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്.