രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ, 2023-ഓടെ 260,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ ഖത്തീബ് അറിയിച്ചു. ആഭ്യന്തര, വിദേശ സന്ദർശകരുൾപ്പടെ, സൗദിയിലെ വിനോദ സഞ്ചാര മേഖലയിൽ അടുത്ത പത്ത് വർഷത്തിനിടയിൽ, 100 മില്യൺ വാർഷിക സന്ദർശകർ എന്ന നേട്ടത്തിലേക്ക് ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടപ്പിലാക്കുന്നതിനും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 41 മില്യൺ സന്ദർശകരാണ് (ആഭ്യന്തര, വിദേശ സന്ദർശകരുൾപ്പടെ) സൗദിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത്.
ഇതിനായി രാജ്യത്തെ വിവിധ ടൂറിസം മേഖലകളിലായി 38 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സന്ദർശകർക്കായി അതിവേഗം ഒരുങ്ങികൊണ്ടിരിക്കുന്നത്. നിലവിൽ 15 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് രാജ്യത്ത് സന്ദർശകർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. പുതിയ കേന്ദ്രങ്ങൾ തുറന്ന് കൊടുക്കുന്നതോടെ സൗദിയിലെ ടൂറിസം മേഖലയിൽ വിപ്ലവാത്മകമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഈ മേഖലയിൽ അടുത്ത മൂന്ന് വർഷം കൊണ്ട് 260,000 പുതിയ തൊഴിലവസരങ്ങളും, 2030-ഓടെ ഏതാണ്ട് പത്ത് ലക്ഷം തൊഴിലവസരങ്ങളുമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അൽ ഖത്തീബ് അറിയിച്ചു. നിലവിൽ ഏതാണ്ട് 6 ലക്ഷത്തോളം പേർ സൗദിയിലെ വിവിധ ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട ജോലികളിൽ പ്രവർത്തിക്കുന്നുണ്ട്. സൗദിയുടെ സമ്പദ്‌വ്യവസ്ഥയിലെ ആകെ വരുമാനത്തിന്റെ 3.5 ശതമാനം ടൂറിസം മേഖലയിൽ നിന്നുമാണ്. ഇത് അടുത്ത പത്ത് വർഷത്തിനിടയിൽ 10 ശതമാനത്തിലേക്ക് ഉയർത്താനും രാജ്യം ലക്ഷ്യമിടുന്നതായും അൽ ഖത്തീബ് കൂട്ടിച്ചേർത്തു.
രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഏതാനം ദിവസങ്ങൾക്ക് മുൻപ്, സൗദി ടൂറിസം അതോറിറ്റി പ്രത്യേക വേനൽക്കാല പദ്ധതി ആരംഭിച്ചിരുന്നു. കൊറോണ വൈറസ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ മൂലം പൂർണ്ണമായും സ്തംഭിച്ച സൗദിയിലെ ടൂറിസം മേഖലയിൽ, ഒരു പുത്തനുണർവ് നൽകുന്നതിനാണ് ‘സൗദി സമ്മർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.
Cover Photo: Mohammed Hassan [Unsplash]