കുവൈറ്റ്: വിമാനയാത്ര പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ; PCR പരിശോധന സൗജന്യമല്ല

Kuwait

വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങളോടെ അനുമതി നൽകാൻ കുവൈറ്റ് തീരുമാനിച്ചതായി നേരത്തെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 1 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ്, വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള തീരുമാനം കുവൈറ്റ് നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി, അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ, യാത്രികർക്ക് കുവൈറ്റ് എയർപോർട്ട് മെഡിക്കൽ ലബോറട്ടറിയിൽ നിന്ന് COVID-19 മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏർപെടുത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. COVID-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ സേവനം ഉപയോഗിക്കാം. എന്നാൽ ഇത്തരം PCR ടെസ്റ്റുകൾ സൗജന്യമല്ലെന്നും, നിർദ്ദിഷ്ട ഫീസ് അടക്കുന്നവർക്കാണ് ഈ സേവനമെന്നുമാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ.

ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക പെരുമാറ്റച്ചട്ടങ്ങൾക്കനുസരിച്ചായിരിക്കും കുവൈറ്റ് എയർപോർട്ടിലൂടെയുള്ള യാത്രകൾ. കുവൈറ്റിലേക്ക് എത്തുന്നവർക്ക് PCR പരിശോധനകളും, കുവൈറ്റിലെ കൊറോണ വൈറസ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊള്ളാം എന്ന സത്യവാങ്മൂലവും നിർബന്ധമാക്കിയിട്ടുണ്ട്. മാസ്കുകൾ, കയ്യുറകൾ, തെർമൽ സ്‌കാനിങ് എന്നിവ വിമാനത്താവളത്തിലുടനീളവും, യാത്രാവേളയിലും ഏർപെടുത്തുന്നതാണ്.

Cover photo: Source