യു എ ഇ: ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ അന്തിമ ഘട്ട പരിശോധനകൾ പുരോഗമിക്കുന്നു

GCC News

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ, വിക്ഷേപണത്തിനു മുന്നോടിയായുള്ള അവസാനവട്ട പരിശോധനകൾ പുരോഗമിക്കുന്നു. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ (Tanegashima Space Centre) നിന്ന് ജൂലൈ 15-നു യുഎഇ സമയം 00:51:27-ന് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്ന ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ അന്തിമ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത് യുവ എമിറാത്തി എഞ്ചിനീയർമാരുടെ സംഘമാണ്.

2020 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയായ ബാഹ്യാകാശപേടകം ഏപ്രിലിലാണ് ജപ്പാനിലെത്തിച്ചത്. ഒരു സംഘം എമിറാത്തി എൻജിനീയർമാരുടെ 83 മണിക്കൂർ തുടർച്ചയായുള്ള പ്രവർത്തനത്തിന്റെ ഫലമായാണ്, ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ എത്തിച്ചതെന്ന് ഏപ്രിൽ 25-നു ദുബായ് ഭരണാധികാരിയും, യു എ ഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

തനെഗഷിമ സ്പേസ് സെന്ററിൽ എത്തിച്ച ശേഷം ഈ ബാഹ്യാകാശപേടകത്തിനെ നിരവധി പരിശോധനകൾക്കും, പരീക്ഷണങ്ങൾക്കും വിധേയമാക്കുകയുണ്ടായി. 50 ദിവസത്തിൽ പരം നീണ്ടുനിന്ന ഈ പരിശോധനകളുടെ ഭാഗമായി ഹോപ്പിന്റെ വൈദ്യുതോർജ്ജം, ആശയവിനിമയം, ഉയര നിയന്ത്രണം, കമ്മാൻഡ് ആൻഡ് കണ്ട്രോൾ, പ്രൊപ്പൽ‌ഷൻ, താപ നിയന്ത്രണം, സോഫ്റ്റ്‌വെയർ സിസ്റ്റങ്ങൾ മുതലായ വിവിധ ഘടകങ്ങൾ ചൊവ്വാദൗത്യത്തിന് തയ്യാറാണെന്ന് എൻജിനീയർമാർ ഉറപ്പിക്കുകയുണ്ടായി.

800 കിലോഗ്രാം ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ബാഹ്യാകാശപേടകത്തിന്റെ ഇന്ധന ടാങ്ക് നിറയ്ക്കുന്നതും, ചോർച്ചയില്ലെന്ന് ഉറപ്പാക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതാണ്. വിക്ഷേപണത്തിനായി ബാഹ്യാകാശപേടകത്തിനെ വിക്ഷേപണ തറയിലേക്ക് എത്തിക്കുന്നതും, ബാഹ്യാകാശപേടകത്തിനെ റോക്കറ്റിലേക്ക് ഘടിപ്പിക്കുക, വിക്ഷേപണത്തിനു മുന്നോടിയായി പേടകത്തിന്റെ ബാറ്ററികൾ പൂർണമായും ചാർജ്ജ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നീ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. ഇന്ധനം നിറയ്ക്കുന്ന പ്രക്രിയയ്ക്ക് ശേഷം പേടകത്തിന്റെ മൾട്ടി-ലേയർ ഇൻസുലേഷൻ (MLI), ആമിംഗ് പ്ലഗുകൾ എന്നിവ സുരക്ഷിതമാക്കുന്ന നടപടികൾ, ബഹിരാകാശ പേടകത്തിന്റെ പവറിംഗ്, തയ്യാറെടുപ്പുകൾ സ്ഥിരീകരിക്കൽ, ടേക്ക് ഓഫ് ചെയ്യാൻ സജ്ജമാക്കൽ മുതലായ നടപടികളും പൂർത്തിയാക്കണം.

ചൊവ്വാ ദൗത്യത്തിനുള്ള വിക്ഷേപണ വാഹനം അടുത്തിടെ നാഗോയ സ്പേസ് സിസ്റ്റംസ് തോഷിബിമ പ്ലാന്റിൽ നിന്ന് തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണ സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. ജൂലൈ 15-നു വിക്ഷേപണം നിശ്ചയിച്ചിരിക്കുന്ന ഹോപ്പ് ബാഹ്യാകാശപേടകം, യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 2021 ഫെബ്രുവരിയിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.