സൗദി: 20 പേരിൽ കൂടുതൽ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണങ്ങൾ

GCC News

സൗദി അറേബ്യയിൽ, ഇരുപതിൽ കൂടുതൽ പേർ ഒരുമിച്ച് താമസിക്കുന്ന, കൂട്ടായ പാർപ്പിട സംവിധാനങ്ങളിൽ, സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി. തൊഴിൽ വകുപ്പ് അനുശാസിക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്ത ഇത്തരം ഇടങ്ങളിൽ, 20-ൽ കൂടുതൽ പേരെ താമസിപ്പിക്കുന്നത് വിലക്കി കൊണ്ട് അധികൃതർ ഉത്തരവിറക്കിയതായി സൗദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന കൊറോണ വൈറസ് വ്യാപനസാഹചര്യത്തിലാണ് ഈ തീരുമാനം.

രാജ്യത്തെ ലേബർ കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പാർപ്പിട സംവിധാനങ്ങളിൽ, ഇരുപതോ, അതിൽ കൂടുതൽ പേർക്കോ ഒരുമിച്ച് താമസിക്കാൻ അനുവാദം നൽകില്ലെന്ന് സൗദിയിലെ കണ്ട്രോൾ ആൻഡ് ആന്റി കറപ്‌ഷൻ അതോറിറ്റിയാണ് അറിയിച്ചിട്ടുള്ളത്. നഗരപരിധികളിലും, നഗരങ്ങൾക്ക് പുറത്തും ഈ നിയന്ത്രണം ബാധകമാണ്.

ഈ തീരുമാന പ്രകാരം, ഇത്തരം കൂട്ടായ പാർപ്പിട സംവിധാനങ്ങളുള്ള മേഖലകളിൽ പരിശോധനകൾ നടത്തുന്നതിന് മുൻസിപ്പൽ മന്ത്രാലയത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ പരിശോധിക്കുന്നതിനായി പ്രത്യേക കമ്മിറ്റികളെ രൂപീകരിക്കുന്നതാണ്. ഇവർ ഓരോ പാർപ്പിട കേന്ദ്രങ്ങളിലും സന്ദർശിച്ച് കൊറോണ വൈറസ് പ്രതിരോധ നടപടികൾ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കും.

ഇത്തരം പരിശോധനകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക്, 30 ദിവസം വരെ തടവും, ഒരു മില്യൺ റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണ്. ഗുരുതരമായ വീഴ്ചകൾ വരുത്തുന്ന ഇത്തരം പാർപ്പിടകേന്ദ്രങ്ങൾ സ്ഥിരമായി അടച്ചു പൂട്ടുന്നതുൾപ്പടെയുള്ള ശിക്ഷാ നടപടികളും ഉണ്ടാകുമെന്നാണ് സൂചനകൾ.