അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായി റാപിഡ് സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു

GCC News

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള COVID-19 പരിശോധനകൾക്കായി, പ്രത്യേക റാപിഡ് സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയും, ആരോഗ്യ വകുപ്പും ചേർന്ന് സംയുക്തമായി ആരംഭിച്ചിട്ടുള്ള ഈ ലേസർ-ടെസ്റ്റിംഗ് കേന്ദ്രം, അബുദാബിയിലേക്കുള്ള യാത്രകൾ കൂടുതൽ വേഗത്തിലാക്കാൻ സഹായകമാണ്.

ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ റാപിഡ് ടെസ്റ്റിംഗ് സംവിധാനത്തിലൂടെ കേവലം 5 മിനിറ്റിൽ പരിശോധനാ ഫലം ലഭിക്കുന്നതാണ്. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനായി, COVID-19 നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് കൈവശം ഇല്ലാത്തവർക്ക്, ഈ സംവിധാനത്തിലൂടെ സ്വയം ടെസ്റ്റിംഗിന് വിധേയനാകാവുന്നതാണ്. 50 ദിർഹമാണ് പരിശോധനകൾക്ക് ഈടാക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്ന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക്, അവ ഉപയോഗിച്ചും എമിറേറ്റിലേക്ക് പ്രവേശിക്കാം. ദുബായ് – അബുദാബി പാതയിലെ ഖന്തൂത്ത് ബോർഡർ ചെക്ക്പോയിന്റിന് തൊട്ടു മുൻപായി, അവസാന എക്സിറ്റിനോട് ചേർന്നാണ് ഈ താത്കാലിക പരിശോധനാ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക്, അബുദാബിയിലേക്ക് യാത്ര തുടരാവുന്നതാണ്. പരിശോധനയിൽ പോസിറ്റീവ് റിസൾട്ട് ആകുന്നവർക്ക്, ഈ കേന്ദ്രത്തിൽ വെച്ച് തന്നെ PCR പരിശോധന നടത്തുന്നതാണ്. എന്നാൽ ഇവർക്ക് അബുദാബിയിലേക്ക് ഉടൻ തന്നെ പ്രവേശിക്കാനാകുന്നതല്ല. PCR ടെസ്റ്റ് നടത്തിയ ശേഷം ഇവർ തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങേണ്ടതും, പരിശോധനാ ഫലം ലഭിക്കുന്നതുവരെ സ്വയം ഐസൊലേഷനിൽ കഴിയേണ്ടതുമാണ്. ഇവർക്ക് PCR പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്.

അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും, എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ, സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയിട്ടുണ്ട്. എമിറേറ്റിലേക്കുള്ള പാതകളിലെ ചെക്പോയിന്റുകളിൽ, ഈ റിസൾട്ട് പരിശോധിച്ച ശേഷം മാത്രമാണ് നിലവിൽ അബുദാബിയിലേക്ക് പ്രവേശനം നൽകുന്നത്. ഈ പുതിയ സംവിധാനം ആരംഭിച്ചതോടെ ഇത്തരം യാത്രകൾക്ക് വരുന്ന കാലതാമസം ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയുന്നതാണ്.