ഖത്തർ: വിദ്യാലയങ്ങൾ സെപ്റ്റംബർ 1 മുതൽ തുറക്കും; ജീവനക്കാർ ഓഗസ്റ്റ് 19 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കും

GCC News

അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കായി, ഖത്തറിലെ എല്ലാ വിദ്യാലയങ്ങളും സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർ, ഓഗസ്റ്റ് 19 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കും. സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

വിദ്യാർത്ഥികളുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്‌കൂൾ അധികൃതരുമായി ചേർന്ന് നടപ്പിലാക്കിവരുന്നതായും മന്ത്രാലയം അറിയിച്ചു. ഇതിനായി അധികൃതർ നിർദേശിക്കുന്ന സുരക്ഷാ മുൻകരുതലുകളും, നിർദ്ദേശങ്ങളും എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കേണ്ടതാണെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.