മാറുന്ന പത്രധർമ്മം

Editorial
മാറുന്ന പത്രധർമ്മം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

സത്യത്തെ കണ്ടെത്തി, അച്ചുകൂടങ്ങളിൽ അക്ഷരങ്ങളായി നിറച്ച് ജനങ്ങൾക്ക് മുൻപിൽ എത്തിക്കുക എന്ന വലിയ ദൗത്യമായിരുന്നു ഓരോ പത്രങ്ങളും ചെയ്തു പോന്നിരുന്നത്. യാഥാർഥ്യത്തെ ജനങ്ങളിലേക്കെത്തിക്കാനുള്ള നിർഭയത്വമാണ് പത്രപ്രവർത്തനം എന്ന് മലയാളിയെ പഠിപ്പിച്ച കെ.രാമകൃഷ്ണ പിള്ള എന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള; മലയാള പത്രപ്രവർത്തന മണ്ഡലത്തിൽ ഒരു കാലഘട്ടത്തിന്റെ ശബ്ദസ്രോതസ്സായിരുന്നു, 1905-ൽ വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച, രാമകൃഷ്ണപിള്ള പത്രാധിപരായിരുന്ന ‘സ്വദേശാഭിമാനി’ എന്ന പത്രം.

‘സ്വദേശാഭിമാനി’ പത്രത്തിന്റെ ആദ്യപുറം.

രാജഭരണത്തെയും, ദിവാന്റെ ദുർനയങ്ങളെയും വിമർശിക്കുന്ന രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ലേഖനങ്ങളും, എഡിറ്റോറിയലുകളും തിരുവിതാംകൂറിൽ വലിയ കോളിളക്കങ്ങളുണ്ടാക്കി. ദിവാൻ പേഷ്‌ക്കാരിന്റെ വാൾമുനയേക്കാൾ മൂർച്ചയുള്ള അക്ഷരങ്ങളായിരുന്നു അന്നത്തെ പത്രങ്ങൾ. ആർജ്ജവമുള്ള അക്ഷരങ്ങൾക്ക് മുൻപിൽ അധികാര മുനയുള്ള ബയണറ്റുകൾ വരെ കീഴടങ്ങിയ ഒരു കാലം.

സർക്കാരുദ്യോഗങ്ങളെ വിലയ്ക്കു വിൽക്കുന്നതും, വാങ്ങുന്നതും രാജദ്രോഹമല്ലെങ്കിൽ, അങ്ങനെയുള്ള പ്രവൃത്തികളെ പരസ്യമായി പറയുന്നത് എങ്ങനെ രാജ്യദ്രോഹമായി പര്യവസാനിക്കുമെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ലാ.”, എന്ന് 1909 ഡിസംബർ 31-നു എഴുതിയ രാമകൃഷ്ണപിള്ളയുടെ വാക്കുകൾ സത്യത്തിനു നിലകൊള്ളുന്ന ഓരോ പത്രപ്രവർത്തകനും എക്കാലവും ഓർക്കേണ്ടതാണ്. 110 വർഷങ്ങൾക്കിപ്പുറം ഈ വാചകങ്ങൾ വീണ്ടും ഉപയോഗിക്കേണ്ട സാഹചര്യം നമുക്ക് ചുറ്റും ഇന്നും നിലനിൽക്കുന്നു, സത്യം വിളിച്ചു പറയുന്ന ഓരോ പത്രപ്രവർത്തകന്റെയും ഊർജ്ജമായി.

തിരുവിതാം കൂറിൽ നിന്നും ആദ്യമായി നാടുകടത്തപ്പെട്ട പത്രപ്രവർത്തകനായ രാമകൃഷ്ണപിള്ളയുടെ ആ കാലഘട്ടം ഇന്ന് ചരിത്രത്തിനു വഴിമാറി. അച്ചടി മണക്കുന്ന പത്രക്കടലാസ് പ്രതലത്തിൽ നിന്ന് പത്രം ഇന്ന് സൈബറിടങ്ങളിലേയ്ക്ക് ചേക്കേറിയിരിക്കുന്നു. ഇതിലൂടെ പത്രപ്രവർത്തനമെന്ന പ്രയോഗം തന്നെ ഇല്ലാതായി. ദൃശ്യവും, ശബ്ദവും, ലിഖിതങ്ങളും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന പുത്തൻ വാർത്ത മാധ്യമ സങ്കൽപ്പത്തിൽ മാധ്യമ പ്രവർത്തനമെന്ന പ്രയോഗത്തിനാണ് സാധുത കൂടുതൽ.

ജുഡീഷ്യറി, ലജിസ്ലേച്ചർ, എക്സിക്യൂട്ടീവ് ഈ മൂന്ന് ഘടകങ്ങളെ പോലെ ജനങ്ങളോട് പ്രതിബദ്ധതയുള്ളൊരു നാലാമിടമുണ്ടെങ്കിൽ അത് മാധ്യമങ്ങളാണ്; പ്രത്യേകിച്ചും, സങ്കുചിത മനോഭാവങ്ങളൊന്നുമില്ലെന്നു നാം കരുതുന്ന മുഖ്യധാരാ മാധ്യമങ്ങൾ. എന്നാൽ ഇവർ ഇന്നൊരു ഭീഷണിയുടെ മുൾമുനയിലാണ്. പരിണിത പ്രജ്ഞരെന്ന് നാം കരുതുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ, തലയ്ക്കു മുകളിൽ ആടുന്ന ഡെമോക്ലീസിന്റെ വാൾ പോലെ, സമാന്തര താത്പര്യങ്ങൾ പുലർത്തുന്ന നൂതന മാധ്യമങ്ങളിൽ നിന്നുള്ള ഭീഷണി. സമൂഹമാധ്യമങ്ങൾ കീഴടക്കിയ ഓൺലൈൻ മാധ്യമങ്ങൾ ഉയർത്തുന്ന ഭീഷണി ഇത്തരം സ്ഥാപനങ്ങൾക്ക് ചെറുതല്ല.

പത്രമെന്നാൽ ഒരു കവലക്കോളാമ്പി മൈക്ക് എന്ന ലാഘവത്തോടെ, ശരിയും തെറ്റും പൊതു നിരത്തിൽ വിചാരണ ചെയ്യുന്ന നൂതന മാധ്യമങ്ങളാണ് ഇന്നത്തെ വാർത്തകളുടെ മൂല്യച്യുതിക്ക് കാരണം. ഒരു ബ്രേക്കിംഗ് ന്യൂസോ, സെൻസേഷണൽ ന്യൂസോ അവതരിപ്പിക്കുന്നതിൽ നൂതന മാധ്യമങ്ങളുടെ അതെ നിലവാരങ്ങളിലേക്ക്, മുഖ്യധാരാ മാധ്യമങ്ങളും തരം താഴുന്നത് ഈ അതിജീവനത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാലാണ്. വാർത്തകളിൽ ജാതിയുടെയും മതത്തിന്റെയും വർണ്ണങ്ങൾ ചാലിച്ച്, ആളുകളെ ഭിന്നിപ്പിക്കാൻ ഇത്തരം മാധ്യമങ്ങൾ കാരണമാകുന്നു എന്നത് വളരെ സങ്കടകരമാണ്. ജനങ്ങൾ എത്രമാത്രം ചേരി തിരിഞ്ഞു നിൽക്കുന്നു എന്നറിയാൻ സമൂഹമാധ്യമങ്ങളിൽ ഇത്തരം വാർത്താ സംപ്രേക്ഷണങ്ങൾക്ക് താഴെ വരുന്ന അഭിപ്രായപ്രകടനങ്ങൾ നോക്കിയാൽ മനസ്സിലാക്കാം.

പല പ്രമുഖ ദിനപത്രങ്ങളും ഇതിനോടകം നഷ്ടം താങ്ങാൻ കഴിയാതെ അടച്ചുപൂട്ടിയിരിക്കുന്നത്, നമുക്ക് മുന്നിൽ ഇനിയും വരാനിരിക്കുന്ന അസത്യ മാധ്യമങ്ങളുടെ സൂചനയായി കണക്കാക്കേണ്ടിവരും. ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് ഇന്നത്തെ നൂതന വാർത്താ മാധ്യമങ്ങൾ നേടിയെടുത്തിരിക്കുന്നു എന്നത് വസ്തുതയാണ്, അത് ആത്യന്തികമായി സമൂഹത്തിനു പ്രയോജനകരമാകുന്ന രീതിയിൽ അല്ലെങ്കിലും. അതുകൊണ്ട് ഏത് തള്ളണം, ഏത് കൊള്ളണം എന്നത് പൊതുജനം വിലയിരുത്തേണ്ടതാണ്.

ഭരണ സംവിധാനങ്ങളെ ജാഗരൂകരായി നിരീക്ഷിക്കുന്നതിനു പകരം, പത്രമാധ്യമപ്രവര്‍ത്തകരും, പത്രമാധ്യമങ്ങളും കക്ഷിവഴക്കുകളിൽ പങ്കുചേരുന്നതു മുതൽ, ഭരണ സംവിധാനങ്ങൾ പൊതുജനങ്ങളുടെ ആവശ്യങ്ങൾ, നന്മ എന്നിവ മറക്കുകയും, ഭരണ സംവിധാനങ്ങൾക്ക് തോന്നുന്നതുപോലെ പ്രവർത്തിക്കാൻ സാഹചര്യം ഒരുങ്ങുകയും ചെയ്യും“, എന്ന സ്വദേശാഭിമാനിയുടെ ഈ വാക്കുകൾ തങ്ങളുടെ ധർമം, പൈതൃകം, സമൂഹ പ്രതിബദ്ധത എന്നിവ നിലനിർത്താൻ ഉദ്ദേശിക്കുന്ന പത്രമാധ്യമങ്ങൾക്കും, പത്രപ്രവർത്തകർക്കും വഴികാട്ടിയാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

1 thought on “മാറുന്ന പത്രധർമ്മം

Leave a Reply

Your email address will not be published. Required fields are marked *