തെളിച്ചമില്ലാത്ത വഴിവിളക്കുകൾ

Editorial
തെളിച്ചമില്ലാത്ത വഴിവിളക്കുകൾ – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ജീവിതം തിരക്കിൽ നിന്നും തിരക്കിലേക്ക് സഞ്ചരിക്കുന്ന ഇക്കാലത്ത്, ഒരാൾക്ക് മറ്റൊരാളുടെ സന്തോഷത്തിലും, ദുഃഖത്തിലും വേണ്ടത്ര മാനസിക ശ്രദ്ധ കൊടുക്കാൻ പലപ്പോഴും കഴിയാറില്ലെന്നതാണ് സത്യം. അതുകൊണ്ടുതന്നെ വിഷമങ്ങളെയും, സന്തോഷങ്ങളെയും എല്ലാം വെറും പോസ്റ്റുകളായി തള്ളിനീക്കി നാം നമ്മുടെ തിരക്കുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

തിരക്കുകളുടെ ഈ ജീവിത വടംവലികൾക്കിടയിൽ നന്മയുടെ വെള്ളിവെളിച്ചം കൊണ്ട് ജനശ്രദ്ധപിടിച്ചുവാങ്ങിയ ഒരുകൂട്ടം വ്യക്തികൾ, അല്ലങ്കിൽ നന്മയുള്ള മനസ്സുകൾക്ക് നാം സാക്ഷ്യം വഹിച്ചു. ആരും തുണയില്ലാത്ത, നിർധനരായ രോഗബാധിതരിലേക്ക്, ചെറുതായി സഹായം അഭ്യർത്ഥിച്ചു തുടക്കം കുറിച്ച, നന്മയുടെ നിറം മാത്രമുണ്ടായിരുന്ന രീതിക്ക് മുകളിൽ, ഇന്ന്‌ പതിയെ ഇരുട്ട് ബാധിക്കാൻ തുടങ്ങിയിരിക്കുന്നു.

ആശുപത്രികൾ നിശ്ചയിക്കുന്ന തുകയ്ക്ക് രോഗികളുടെ മേൽ വൻ സാമ്പത്തിക ബാധ്യതയുള്ള ചികിത്സകൾ നിർദ്ദേശിക്കുമ്പോൾ, അതിലെ ലാഭവും, നീതിയും കണക്കാക്കുന്നതിനു പോലും സമയം കളയാതെ ആ തുകയുടെ വിവരം സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നു. മറ്റുള്ളവരുടെ പ്രശ്‌നത്തെ തങ്ങളുടെ സ്വന്തം സങ്കടങ്ങളായി കാണാൻ കഴിവുള്ള മലയാളി മനസ്സുകൾ ഒത്തൊരുമിച്ച് ആ സാമ്പത്തികം സ്വരുക്കൂട്ടി അവർ നിർദ്ദേശിക്കുന്ന അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നു. ചെറിയ ശമ്പളം കൈപറ്റുന്നവർ മുതൽ മനസ്സിൽ നന്മയുള്ളവർ എല്ലാവരും ഈ കാരുണ്യത്തിൽ പങ്കാളികളാകുന്നു. എന്നാൽ അവരോടൊപ്പം ചില സംശയകരമായ വലിയ ദാനധർമ്മങ്ങളും നടക്കുന്നു; ഈ പണത്തിന് കാരുണ്യത്തിന്റെ നിറമാണോ എന്നുറപ്പില്ല. ഇത്തരം ദാന ധർമ്മ പ്രക്രിയ ശരിയായി ഓഡിറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇന്ന് ഏറി വരികയാണ്. എല്ലാം വൈകാരികമായി കാണുന്ന നമ്മൾ ഈ വിഷയത്തെ അല്പം കൂടി ഗൗരവത്തിൽ കാണേണ്ടതുണ്ട്.

ആശുപത്രിയും, ഇടനിലക്കാരും, രോഗിയും അടങ്ങുന്ന ഈ സാമ്പത്തിക ചങ്ങലയിൽ സർക്കാർ ശ്രദ്ധ കൂടി ഉണ്ടാവേണ്ടതുണ്ട്. ഒരു നോട്ടീസോ, റെസിപ്റ്റോ പോലുമില്ലാതെ, ഓൺലൈൻ പേയ്മെന്റ് ഗേറ്റ് വേ വഴിയും, അക്കൗണ്ട് ഡെപ്പോസിറ്റും, പ്രോമിസറി നോട്ടും, ബ്ലാങ്ക് ചെക്കുകളും അടങ്ങുന്ന ഇത്തരം മറവിലെ ധനസമാഹരണം വെളിച്ചത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമായി കാണേണ്ടതുണ്ട്. പതിനഞ്ചോ, ഇരുപതോ ലക്ഷത്തിനു വേണ്ടി തുടങ്ങുന്ന ഒരു ചികിത്സാ ധനസഹായ സമാഹരണം മണിക്കൂറുകൾ കൊണ്ട് കോടിക്കണക്കിന് രൂപയുടെ മുകളിൽ പോകുന്നത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ പ്രയാസമാണ്. ചുരുങ്ങിയ സമയം കൊണ്ട് അക്കൗണ്ടുകളിൽ കുമിഞ്ഞു കൂടുന്ന ഈ ധനം വ്യക്തമായി പരിശോധിക്കാനുള്ള സംവിധാനങ്ങൾ നമുക്കുണ്ടാകണം, കാരണം സ്വകാര്യ ആശുപത്രികൾ നിഷ്കർഷിക്കുന്ന ഈ തുക, സ്വർണ്ണ വിലപോലെ ഏകീകരിക്കപ്പെടാനും തന്മൂലം മറ്റു രോഗികൾക്ക് ഈ തുക മിനിമം ചികിത്സാ തുകയായി ഭാരമേല്പിക്കുന്നതിനും കാരണമായി തീരുന്നു എന്ന മറയിലെ വസ്തുത നാം കാണാതെ പോകരുത്.

ജീവിതം വഴിമുട്ടിയവരുടെ മുന്നിൽ കരുണയുടെ വഴിവിളക്കുകൾ അത്യാവശ്യമാണ്, എന്നാൽ ആ വെളിച്ചത്തിൽ മങ്ങലുകളില്ല എന്ന് ഉറപ്പുവരുത്തേണ്ടത് വളരെ അനിവാര്യമാണ്.