ജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അല്പം മുൻപ് അറിയിച്ചു. ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെയാണ്, രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി, ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഈ കാലയളവിൽ വൈകീട്ട് 7 മുതൽ രാവിലെ 6 വരെ യാത്രകളും, വാണിജ്യ പ്രവർത്തനങ്ങളും പൂർണ്ണമായും വിലക്കിയിട്ടുണ്ട്. ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാ വിഭാഗങ്ങളെ ചുമതലപ്പെടുത്തുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി ഹമ്മൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ജൂലൈ 21, ചൊവ്വാഴ്ച്ച ചേർന്ന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം തീരുമാനിച്ചത്.
ഈ കാലയളവിൽ വൈകീട്ട് 7 മുതൽ രാവിലെ 6 വരെ പൊതുഇടങ്ങളിൽ പ്രവേശനം അനുവദിക്കില്ല. ഈദ് നമസ്കാരത്തിനും, പെരുന്നാൾ ചന്തകൾക്കും, ആഘോഷങ്ങൾക്കും മറ്റുമായി ആളുകൾ കൂട്ടം ചേരുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനം ദിനങ്ങളിലായി ഒമാനിലെ COVID-19 രോഗവ്യാപനത്തിലും, മരണനിരക്കിലുമുള്ള വർധനവ് കണക്കിലെടുത്താണ് എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ തിരികെ ഏർപ്പെടുത്തുന്നത്.