യു എ ഇ: മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

UAE

മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ, മയക്കുമരുന്നുകളുടെ വില്പന ഉദ്ദേശിച്ചുകൊണ്ടുള്ളതോ ആയ വിവരങ്ങളോ, സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നതും, പങ്ക് വെക്കുന്നതും, രാജ്യത്ത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിനു മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ച് പൊതുസമൂഹത്തിനു അവബോധം സൃഷ്ടിക്കുന്നതിലും, സമൂഹത്തിലെ മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരായ പോരാട്ടത്തിലും പബ്ലിക് പ്രോസിക്യൂഷൻ വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്ന വീഡിയോ സന്ദേശങ്ങൾ അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.

മയക്കുമരുന്നുകൾ സമൂഹത്തിൽ ഉയർത്തുന്ന അത്യാപത്ത് ഇല്ലാതാക്കുന്നതിലൂടെ വളർന്ന് വരുന്ന തലമുറയെ സംരക്ഷിക്കാനും, അതിലൂടെ പൊതുസമൂഹത്തിൽ സുരക്ഷിതത്വവും, സ്ഥിരതയും വളർത്താനും സാധിക്കുമെന്നും യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. യു എ ഇ ഫെഡറൽ നിയമം 14/1995 പ്രകാരം മയക്കുമരുന്നുകൾ, മറ്റു ലഹരി പദാര്‍ത്ഥങ്ങൾ എന്നിവ വിൽക്കുന്നതിനും, ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കൈവശം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജനങ്ങളെ ഓർമ്മപ്പെടുത്തിയ പബ്ലിക് പ്രോസിക്യൂഷൻ, ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്ത് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്ന് മുന്നറിയിപ്പ് നൽകി.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി രാജ്യത്ത് നിലവിലുള്ള 5/ 2012 ഫെഡറൽ ഉത്തരവനുസരിച്ച്, മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും, ഇവയുടെ വില്പന ഉദ്ദേശിച്ചുകൊണ്ടുള്ളതുമായ വിവരങ്ങളോ, സന്ദേശങ്ങളോ ഓൺലൈൻ മാധ്യമങ്ങളിലൂടെയോ, മറ്റു ഐ ടി സാങ്കേതിക വിദ്യകളിലൂടെയോ പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണ്. ഈ ഉത്തരവിലെ ആർട്ടിക്കിൾ 36 പ്രകാരം, ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾ, കംപ്യൂട്ടർ നെറ്റ്‌വർക്കുകൾ എന്നിവ നിർമിക്കുന്നതും, ഉപയോഗിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെയുള്ള പിഴയും, തടവ് ശിക്ഷയും ലഭിക്കാവുന്നതാണ്.