മടുക്കരുത്, തോറ്റുപോകും

Editorial
മടുക്കരുത്, തോറ്റുപോകും – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ദിനവും ഒരു മഹാമാരിയെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കാൻ താത്പര്യമുണ്ടായിട്ടല്ല, പക്ഷെ ഒരു വിപത്ത് എത്രമേൽ പ്രഹരശേഷിയുള്ളതാണെങ്കിലും, നമ്മളിൽ ചിലർ ആ വിപത്തിനെതിരായുള്ള ജാഗ്രതാനിർദ്ദേശങ്ങളോട് പുലർത്തുന്ന അവഗണനാ മനോഭാവത്തെ കണക്കിലെടുത്തുകൊണ്ടാണ് ഈ ഓർമ്മിപ്പിക്കലത്രയും. സമൂഹവ്യാപനം എന്നത് നമ്മൾ കരുതുന്ന പോലെ ചെറിയ ഒരു ഘട്ടമായി കണക്കാക്കേണ്ടതല്ല, മറിച്ച് നാം പിന്തുടർന്ന് പോരുന്ന കരുതൽ ഒന്നുകൂടി ദൃഢപ്പെടുത്തേണ്ടതിന്റെ അടയാളമായി ഇത്തരം മുന്നറിയിപ്പുകൾ കാണേണ്ടതാണ്.

ലോക്ക്ഡൗൺ ഏൽപ്പിച്ച സാമ്പത്തിക മുറിവുകൾ മറികടക്കണമെങ്കിൽ, ഒത്തൊരുമിച്ചുള്ള പ്രയത്നം അത്യന്താപേക്ഷിതമാണ്. എന്നാൽ ഇപ്പോൾ നമ്മുടെ സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ അജ്ഞത കലർന്ന പെരുമാറ്റ രീതികൾ സമൂഹത്തിൽ നിലവിലുള്ള സാമ്പത്തിക ഞെരുക്കവും കൂട്ടാനിടയാക്കുന്നതാണ്. കടകൾ തുറന്നു പ്രവർത്തിക്കുന്നതിലെ അത്യാവശ്യം മനസ്സിലാക്കി, ആവശ്യക്കാർ മാത്രം വീടിനു പുറത്തിറങ്ങുന്ന അവസ്ഥ നമ്മൾ ഓരോരുത്തരിലും സംജാതമാകണം. ദിനംപ്രതി കൂടിവരുന്ന പോസിറ്റീവ് കേസുകൾ കേട്ട് ഭീതി വേണ്ട, പക്ഷെ പിഴവില്ലാത്ത ജാഗ്രത അനിവാര്യമാണ്.

ഈ വ്യാധി ആരോഗ്യ രംഗത്തെ പ്രവർത്തകരിലേക്ക് പടരുന്ന അവസ്ഥ അതീവം ഗൗരവമേറിയതാണ്. വിമർശനങ്ങൾക്കും, കുറ്റപ്പെടുത്തലുകൾക്കും എല്ലാം ഒരുപാട് അവസരങ്ങൾ നമുക്ക് മുൻപിലുണ്ടായിരിക്കാം, പക്ഷെ ഇപ്പോൾ അതിനുള്ള സമയമല്ല എന്ന് ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ. മനുഷ്യജീവനേക്കാൾ വിലപ്പെട്ടതല്ല, വാക്ക്പോരുകൾ. എന്നും ഇതേക്കുറിച്ച് ഓർമ്മപ്പെടുത്തുന്നത് പോലും, മടുപ്പായി കണ്ട് ചില്ലിട്ട A/C മുറികളിലിരുന്നു സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നവർ ഒന്നോർക്കണം, സമ്പർക്കത്തിലൂടെ ഈ അസുഖം ഇന്നും പകരുന്നെങ്കിൽ അതിനർത്ഥം നമ്മളിൽ വേണ്ടത്ര ജാഗ്രത പുലർത്താത്ത അനേകം പേരുണ്ട് എന്ന സത്യം. ലോകത്തിന് മുന്നിൽ വ്യക്തമായ ഉത്തരങ്ങളില്ലാത്ത ഈ വെല്ലുവിളിയെ നേരിടാൻ നമ്മുടെ കൈവശം കരുതലോടെ മുന്നോട്ട് നീങ്ങാനുള്ള ആത്മവിശ്വാസം മാത്രമാണുള്ളതെന്ന് ഓർക്കണം. അറിയുന്നവർ അവർക്ക് ചുറ്റുമുള്ള അറിവില്ലാത്തവരിലേയ്ക്ക് ഈ സ്ഥിതിയുടെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുന്നതിലൂടെ സമൂഹത്തിൽ പ്രതിരോധത്തിന്റെ കവചം തീർക്കാൻ സാധിക്കുന്നു; അതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാകും എന്ന് പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *