യു എ ഇ: ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

GCC News

രാജ്യത്തിന്റെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന, ആരോഗ്യ രംഗത്തെ ഉൾപ്പടെ, എല്ലാ മുൻനിര പ്രവർത്തകരെയും യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസ്സർ അൽ ഒവൈസ് ഈദുൽ അദ്ഹ വേളയിൽ പ്രശംസിച്ചു. പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി ഇത്തരം പ്രവർത്തകർ നൽകുന്ന സേവനങ്ങളെയും, ത്യാഗങ്ങളെയും ജനങ്ങളെ ഓർമ്മപ്പെടുത്തിയ അദ്ദേഹം, ഈ പ്രവർത്തനങ്ങളുടെ ഫലമായാണ് രാജ്യത്തെ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചതെന്നും, രോഗമുക്തിയുടെ നിരക്ക് വർധിപ്പിക്കാൻ സാധിച്ചതെന്നും വ്യക്തമാക്കി. ഈ മുൻനിര പോരാളികളുടെ സേവനങ്ങൾ പാഴാകാതിരിക്കാൻ പൊതുസമൂഹത്തിൽ നിന്നുള്ള കൂട്ടായ പിന്തുണ ആവശ്യമാണെന്നും, സമൂഹ അകലം ഉൾപ്പടെയുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് രാജ്യത്തെ ഓരോ പൗരന്റെയും, നിവാസിയുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈദുൽ അദ്ഹ അവധിയുടെയും, ആഘോഷങ്ങളുടെയും വേളയിൽ ഓരോ നിമിഷവും സമൂഹ അകലം ഉറപ്പാക്കുന്നതും, സുരക്ഷാ മുൻകരുതലുകൾ നടപ്പിലാക്കേണ്ടതും രാജ്യത്തോടുള്ള പൊതുസമൂഹത്തിലെ എല്ലാവരുടെയും കർത്തവ്യമാണെന്ന് ഡോ. അൽ ഒവൈസ് വ്യക്തമാക്കി. ജൂലൈ 27, തിങ്കളാഴ്ച്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്. ആരോഗ്യ മന്ത്രാലയം നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നത്, രോഗവ്യാപനം തടയാൻ ഫലപ്രദമാണെന്ന് കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ രാജ്യത്ത് പ്രകടമായിട്ടുള്ള രോഗവ്യാപനത്തിലെ നിയന്ത്രണം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം അറിയിച്ചു.

രോഗവ്യാപനം തടയുന്നതിനായി മാസ്കുകളുടെ ഉപയോഗം, വ്യക്തി ശുചിത്വം, കുട്ടികൾക്കും, മുതിർന്നവർക്കും നൽകേണ്ട പ്രത്യേകമായി പരിചരണം, സമൂഹ അകലം മുതലായ മുൻകരുതലുകളുടെ പ്രാധാന്യം പത്രസമ്മേളനത്തിൽ യു എ ഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മാദി വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, അത് തുടരുന്നതിനു പൊതുസമൂഹം സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി തുടരേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സാമൂഹികമായ ഒത്തുചേരലുകൾ, മറ്റു വീഴ്ചകൾ എന്നിവ മൂലം രോഗവ്യാപനം വീണ്ടും രൂക്ഷമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള ഒത്തുചേരലുകൾ കുടുംബാംഗങ്ങൾക്കിടയിലാക്കി ചുരുക്കാനും, ഈദുൽ അദ്ഹ വേളയിലുടനീളം സമൂഹ അകലം ശീലമാക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. പെരുന്നാൾ ആശംസകൾ അറിയിക്കുന്നതിനായി ഡിജിറ്റൽ രീതികൾ ഉപയോഗിക്കാനും, സന്ദർശനങ്ങൾ ഒഴിവാക്കാനും, കുട്ടികൾക്കുള്ള ഈദ് സമ്മാനങ്ങൾ ഡിജിറ്റൽ രീതികളിലൂടെ നൽകാനും സമൂഹ സുരക്ഷ മുൻനിർത്തി അദ്ദേഹം ആവശ്യപ്പെട്ടു.