അബുദാബിയിലെ പ്രധാന തീം പാർക്കുകളായ ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവ ജൂലൈ 28 മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തു. പ്രത്യേക ആഘോഷ ചടങ്ങുകളുടെ അകമ്പടിയോടെയാണ് ചൊവ്വാഴ്ച്ച ഈ തീം പാർക്കുകൾ ഔദ്യോഗികമായി പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
വാർഷിക പാസ് ഉള്ള സന്ദർശകർക്ക് മാത്രമായിരുന്നു ജൂലൈ 28-നു ഈ തീം പാർക്കുകളിൽ പ്രവേശനം അനുവദിച്ചിരുന്നത്. പ്രവേശന ആഘോഷങ്ങളുടെ ഭാഗമായി ഫെറാറി വേൾഡിൽ പ്രത്യേക നൃത്തവിദ്യകളും, കുട്ടികൾക്കായുള്ള പ്രദർശനങ്ങളും ഉണ്ടായിരുന്നു. വാർണർ ബ്രോസ്. വേൾഡിൽ ലൈവ് ഡി ജെ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട കഥാപാത്രങ്ങളായ ബഗ്സ് ബണ്ണി, ഫ്ലിന്റ്സ്റ്റോൺസ്, ജസ്റ്റിസ് ലീഗ് തുടങ്ങിയവരും ഈ ആഘോഷങ്ങളുടെ ഭാഗമായി സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടു.
ഫെറാറി വേൾഡ്, വാർണർ ബ്രോസ്. വേൾഡ് തീം പാർക്കുകൾ, CLYMB അബുദാബി എന്നിവിടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് മുൻകൂർ ബുക്കിങ്ങ് നിർബന്ധമാക്കിയിട്ടുണ്ട്. ജൂലൈ 29 മുതൽ മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. സമൂഹ അകലം, മാസ്കുകൾ മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ മുഴുവൻ സമയങ്ങളിലും പാലിക്കേണ്ടതാണ്.